Join News @ Iritty Whats App Group

മനുഷ്യത്വ രഹിത നാടുകടത്തൽ: രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്, 'മന്ത്രിയുടെ ന്യായീകരണം അംഗീകരിക്കില്ല'


ദില്ലി : അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാട് കടത്തിയതിൽ കൂടുതൽ ശക്തമാക്കാൻ പ്രതിപക്ഷം. രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. പിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് പ്രതിഷേധിക്കാനാണ് നിർദ്ദേശം. 

ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയെന്നാരോപിച്ച് പാ‍ർലമെൻറിൽ ഇന്നലെ ശക്തമായ പ്രതിഷേധം ഉയർന്നു. ബഹളം കാരണം രാജ്യസഭയും ലോക്സഭയും ആദ്യ ഘട്ടത്തിൽ നിറുത്തിവയ്ക്കേണ്ട വന്നു. തുടർന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശദീകരണം നൽകിയെങ്കിലും, തൃപ്തരാകാതെ പ്രതിപക്ഷം കൂടുതൽ ശക്തമായി പ്രതിഷേധമുയർത്തി. വിദേശകാര്യമന്ത്രി അമേരിക്കൻ നടപടിയെ പാർലമെന്റിൽ ന്യായീകരിക്കുകയാണ് ചെയ്തതെന്നാരോപിച്ചും പിന്നാലെ പ്രതിഷേധമുണ്ടായി. 


ഇന്നും പാർലമെൻറിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻറെ പ്രസ്താവന തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങി പോയിരുന്നു. ലോക്സഭ നടപടികൾ ഇന്നലെ ബഹളം കാരണം സ്തംഭിച്ചു. കൈയ്യും കാലും കെട്ടിയിട്ട് നാല്പതു മണിക്കൂർ നീണ്ട ഇന്ത്യക്കാരുടെ ദുരിത യാത്ര വിദേശകാര്യമന്ത്രി ന്യായീകരിച്ചത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അറിവോടെയാണ് നാടുകടത്തൽ നടന്നതെന്ന് വ്യക്തമായിരിക്കെ നരേന്ദ്ര മോദി വിശദീകരണം നൽകണം എന്നും ആവശ്യപ്പെടുമെന്ന് നേതാക്കൾ അറിയിച്ചു. ചില രാജ്യങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചത് കാരണം നാല്പതു മണിക്കൂർ എടുത്ത് വളഞ്ഞ വഴിയാണ് അമേരിക്കൻ വിമാനം അമൃത്സറിൽ എത്തിയത്. സ്ത്രീകളെ വിലങ്ങുവച്ചില്ലെന്ന വിദേശകാര്യമന്ത്രിയുടെ വാദവും തിരിച്ചെത്തിയവർ തള്ളിക്കളഞ്ഞു. ഇന്ത്യക്കാരെ കൊണ്ടു വന്ന രീതിയിൽ വൻ അമർഷം പുകയുമ്പോഴും കേന്ദ്ര സർക്കാർ അമേരിക്കയെ പിണക്കാതെ പക്ഷം പിടിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group