പത്തനംതിട്ട: വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സംഘത്തെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ്‌ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബാറിനു സമീപം സംഘര്‍ഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.
ഇന്നലെ രാത്രി 11 ന് ശേഷമാണ് സംഭവം. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്താണു സംഭവം. മര്‍ദനത്തില്‍ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റ് നാലുപേരെ ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്.
രാത്രി പത്തേമുക്കാലോടെ സ്റ്റാന്‍ഡിനു സമീപത്തെ ബാറിന്റെ ചില്ലുവാതിലില്‍ തട്ടി മദ്യം ആവശ്യപ്പെട്ട് എട്ടംഗസംഘം പ്രശ്‌നമുണ്ടാക്കിയിരുന്നു. ശല്യം രൂക്ഷമായതോടെ ബാര്‍ ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണു പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ ഈ സമയം വാഹനത്തിലെത്തിയ വിവാഹസംഘം മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം വാഹനം നിര്‍ത്തി. ഇതേസമയം സ്ഥലത്തെത്തിയ പോലീസ് ആളുമാറി വിവാഹസംഘത്തിനു നേരെ ലാത്തിവീശുകയായിരുന്നു. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിലുള്ള സ്ഥിരം പ്രശ്‌നക്കാരാണ് ബഹളമുണ്ടാക്കിയതെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞു.
Post a Comment