ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം ഹരോഹള്ളി പോലീസില്‍ പരാതി നല്‍കി. അധ്യാപകരുടെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചു. ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടി.
അധ്യാപകരുടെ മാനസിക പീഡനം സംബന്ധിച്ച് അനാമിക സൂചിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ഇത് സംബന്ധിച്ച് മൊബൈല്‍ സന്ദേശം അയച്ചിരുന്നു. അനാമികയുടെ കൂടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനി മാനസിക പീഡനം സഹിക്കവയ്യാതെ പഠനം നിര്‍ത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. ബംഗളൂരു ഹരോഹള്ളിയിലെ ദയാനന്ദ സാഗര്‍ കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമായിരുന്നു ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനിയും മുഴുപ്പിലങ്ങാട് സ്വദേശികളായ വിനീതിന്റെയും ഐശ്വര്യയുടെയും മകളുമായ അനാമികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് ശേഷം പോലീസ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. അനാമികയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹപാഠികളും രംഗത്തെത്തിയിരുന്നു. അനാമിക എഴുതിയ ആത്മഹത്യാ കുറിപ്പുകളില്‍ ഒന്ന് കാണാനില്ലെന്നായിരുന്നു സഹപാഠികളുടെ ആരോപണം. അനാമിക രണ്ട് ആത്മഹത്യാ കുറിപ്പുകളായിരുന്നു എഴുതിയത്. അതില്‍ ഒന്നില്‍ കുടുംബത്തെ കുറിച്ചും മറ്റൊന്നില്‍ കോളേജ് മാനേജ്മെന്റിനെ കുറിച്ചുമായിരുന്നു സൂചിപ്പിച്ചിരുന്നത്. ഇതില്‍ മാനേജ്മെന്റിനെ കുറിച്ച് എഴുതിയ കത്താണ് കാണാതായതെന്നും സഹപാഠികള്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ മാനേജ്മെന്റ് പൂര്‍ണമായും തള്ളുകയാണ് ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് അനാമികയ്‌ക്കെതിരെ സ്വീകരിച്ചതെന്നായിരുന്നു കോളേജ് അധികൃതരുടെ വാദം. അനാമികയുടെ ആത്മഹത്യയില്‍ കോളേജ് മാനേജ്മെന്റ് നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ സന്താനത്തെയും അസിസ്റ്റന്റ് പ്രൊഫസര്‍ സുജിതയെയും സസ്പെന്‍ഡ് ചെയ്തു. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി.
Post a Comment