കേരളത്തിലുള്ള ബഹുഭൂരിപക്ഷം (89%) ആശാ വര്‍ക്കര്‍മാര്‍ക്കും 10,000 മുതല്‍ 13,500 രൂപ വരെ ഇന്‍സെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതില്‍ 9,500 രൂപ സംസ്ഥാനം മാത്രം നല്‍കുന്നതാണെന്നും മന്ത്രി വീണാ ജോര്‍ജ്. മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണിതെന്നും ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്നും വളരെ കുറച്ച് ആശാ പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ‘ആശ’ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവപൂര്‍വമായ സമീപനമാണ് സംസ്ഥാനത്തിന്റേത്. ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആക്കി ഉയര്‍ത്തിയപ്പോള്‍ സാക്ഷരത മിഷനിലൂടെ പത്താം ക്ലാസ് യോഗ്യതയില്ലാത്ത ആശമാരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ചു. തുടര്‍വിദ്യാഭ്യാസത്തിന് താത്പര്യമുള്ളവര്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നുമുണ്ട്. ഇതിനെല്ലാം ആശമാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ആശാ വര്‍ക്കര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരതയടക്കം കേരള സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
إرسال تعليق