Join News @ Iritty Whats App Group

വെള്ളിയെയും ലീലയെയും തേടിയിറങ്ങിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കാട്ടാന ചവിട്ടിയരച്ച മൃതദേഹങ്ങള്‍, ചുറ്റും രക്തം കട്ടപിടിച്ച നിലയില്‍

ഇരിട്ടി: കാട്ടാനക്കലിയില്‍ ദമ്ബതികളുടെ ജീവൻ പൊലിഞ്ഞ വിവരം പുറംലോകമറിഞ്ഞത് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബന്ധുക്കള്‍ തേടിയിറങ്ങിയപ്പോള്‍.


ആറളം വില്ലേജ് അമ്ബലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ലീല (70) യും രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാല്‍, നേരം ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ച്‌ പോയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

13ാം ബ്ലോക്ക് കരിക്കിൻമുക്ക് ആർ.ആർ.ടി ഓഫിസിന് സമീപമാണ് ദാരുണസംഭവം. ചവിട്ടിയരച്ചനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്ന് കരുതുന്നത്. മൃതദേഹത്തിന് സമീപത്തെ രക്തം കട്ടപിടിച്ച്‌ ഉണങ്ങിയ നിലയിലായിരുന്നു.

വെള്ളിയുടെ ബന്ധുവിന്റെ പറമ്ബിലാണ് സംഭവം. കശുവണ്ടി ശേഖരിച്ച്‌ വിറകുകെട്ടുമായി ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയില്‍ പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് നിന്നിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ആറളം ഫാമില്‍ ഏതാനും വർഷങ്ങള്‍ക്കിടെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി.

സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ സമ്മതിച്ചില്ല. സണ്ണി ജോസഫ് എം.എല്‍.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ബ്ലോക്ക് അംഗം വി. ശോഭ, വാർഡ് മെംബർ മിനി എന്നിവർ സ്ഥലത്തെത്തി. പ്രതിഷേധം തണുപ്പിക്കാനും മൃതദേഹം മാറ്റാനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആറളം എസ്.എച്ച്‌.ഒ ആൻഡ്രിക് ഗ്രോമികിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി അനുനയനീക്കം നടത്തുകയും സണ്ണി ജോസഫ് എം.എല്‍.എ വനംമന്ത്രിയുമായി സംസാരിച്ച്‌ ആവശ്യമായ മുൻകരുതല്‍ എടുക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പുനല്‍കുകയും ചെയ്തു. െകാല്ലപ്പെട്ട ദമ്ബതികളുടെ മക്കള്‍: ലക്ഷ്മി, ശ്രീധരൻ, വേണു, ചാലി. മരുമക്കള്‍: കുഞ്ഞിക്കണ്ണൻ, ചന്ദ്രി, നാരായണി, മിനി.

Post a Comment

Previous Post Next Post
Join Our Whats App Group