ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുസംഗമവേദികളിലൊന്നായി മാറിയ മഹാ കുംഭമേള 2025 ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 45 ദിവസത്തെ ആഘോഷത്തിന് ശേഷം ബുധനാഴ്ച സമാപിച്ചു. ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ 66 കോടിയോളം ഭക്തര്‍ മുങ്ങിക്കുളിച്ചാണ് ഈ വര്‍ഷം റെക്കോഡ് സൃഷ്ടിച്ചത്.
34 കോടിയോളം വരുന്ന യുഎസിലെ ജനസംഖ്യയുടെ ഇരട്ടി തീര്‍ഥാടകര്‍ക്കാണ് കുംഭമേള ആതിഥ്യം വഹിച്ചത്. അടുത്ത കുംഭമേള 2027ല്‍ മഹാരാഷ്ട്രയിലെ നാസിക്കിലായിരിക്കും നടക്കുക. നാസിക്കില്‍ നിന്ന് ഏകദേശം 38 കിലോമീറ്റര്‍ അകലെയുള്ള ത്രയംബകേശ്വറിലാണ് ചടങ്ങ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഗോദാവരി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ ത്രയംബകേശ്വര്‍ ശിവക്ഷേത്രവും ഇവിടെയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുംഭമേള 2027 ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 17 വരെ നടക്കും. എന്തുകൊണ്ടാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അടുത്ത കുംഭമേള നടക്കുന്നത്? പ്രയാഗ്രാജ്, ഹരിദ്വാര്‍, നാസിക്, ഉജ്ജൈന്‍ എന്നീ നാല് നഗരങ്ങളില്‍ മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും കുംഭമേളകള്‍ സംഘടിപ്പിക്കാറുണ്ട്.
നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതിനെ കുംഭമേള എന്നും ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മേളയെ അര്‍ദ്ധ കുംഭമേള എന്നും വിളിക്കുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മേളയെ പൂര്‍ണ കുംഭമേള എന്നാണ് വിളിക്കുന്നത്, ഇപ്പോള്‍ സമാപിച്ചത് 144 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഭവിക്കുമെന്ന് പറയപ്പെടുന്ന മഹാ കുംഭമേളയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികളെ മഹാ കുംഭമേള 2025 ആകര്‍ഷിച്ചു. അക്ഷയ് കുമാര്‍, കത്രീന കൈഫ്, വിക്കി കൗശല്‍ എന്നിവരുള്‍പ്പെടെ വിവിധ ബോളിവുഡ് സെലിബ്രിറ്റികളും മതപരമായ ചടങ്ങില്‍ പങ്കെടുത്തു.
Post a Comment