Join News @ Iritty Whats App Group

സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു: ആദ്യ 20 കിലോമീറ്ററിന് മിനിമം ചാര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലന്‍സ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല്‍ 2500 രൂപ വരെയാക്കിയാണ് നിജപ്പെടുത്തിയത്. ആദ്യ 20 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. മിനിമം നിരക്ക് ഈടാക്കുമ്പോള്‍ ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ല.

ഐസിയു, വെന്റിലേറ്റര്‍ സൗകര്യമുള്ള 'ഡി' വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപ. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയ്റ്റിംഗ് ചാര്‍ജ്ജ് 350 രൂപയായിരിക്കും. എസി, ഓക്‌സിജന്‍ സൗകര്യമുള്ള 'സി' വിഭാഗം ആംബുലന്‍സിന് മിനിമം ചാര്‍ജ് 1,500 രൂപ ചാര്‍ജ്ജ് ഈടാക്കാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 40 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാര്‍ജ് 200 രൂപയുമായിരിക്കും.

'ബി' വിഭാഗത്തിലുള്ള നോണ്‍ എസി ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 1,000 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാര്‍ജ് 200 രൂപയുമായിരിക്കും. ഓമ്‌നി തുടങ്ങിയ എസിയുള്ള 'എ' വിഭാഗത്തിലുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 800 രൂപയാണ്ചാര്‍ജ്ജ്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാര്‍ജ് 200 രൂപയുമായിരിക്കും. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് മിനിമം ചാര്‍ജ് 600 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാര്‍ജ് 150 രൂപയുമായിരിക്കും.

ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ആംബുലന്‍സ് നിരക്കില്‍ 20 ശതമാനം കുറവ് ലഭിക്കും. കാന്‍സര്‍ രോഗികള്‍, 12 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവും ലഭിക്കും. ആംബുലന്‍സ് താരിഫുകള്‍ രോഗിയോടൊപ്പമുള്ളവര്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാന ഗതാഗത അതോറിറ്റിയോ പ്രാദേശിക ഗതാഗത അതോറിറ്റികളോ നിരക്കുകള്‍ പ്രദര്‍ശിപ്പിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group