ചെറുതോണി: യന്ത്രസഹായത്താല്‍ പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികള്‍ ഏഴുലക്ഷം കവര്‍ന്നു. ഇടുക്കി മണിയാറന്‍കുടി സ്വദേശി പാണ്ടിയേല്‍ വീട്ടില്‍ സോണി (46)ക്കാണ് പണം നഷ്ടമായത്. തട്ടിപ്പ് വിവരം പുറത്ത് വന്നത് പണം മോഷണം പോയതെന്ന പരാതിക്കാരന്റെ മൊഴിയെടുക്കുന്നതിനിടെയാണ്. തിങ്കളാഴ്ച മൂന്നുമണിയോടെയാണ് പണം നഷ്ടപ്പെട്ടത്.
സുഹൃത്തുക്കള്‍ മുഖേന പരിചയപ്പെട്ട രണ്ടു പേര്‍ യന്ത്ര സഹായത്താല്‍ പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കടം വാങ്ങിയ ഏഴുലക്ഷം രൂപ സോണി ഇവരുടെ പക്കല്‍ നല്കി. തുക ഒരു ബാഗില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂര്‍ കൊണ്ട് നോട്ടുകള്‍ ഇരട്ടിപ്പിച്ച് നല്‍കുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തില്‍ തന്നെ വച്ചു.
അതില്‍നിന്നു രണ്ട് വയര്‍ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേയ്ക്കിട്ടിരുന്നു. 16 മണിക്കൂര്‍ കഴിയാതെ ബാഗ് തുറക്കരുതെന്ന് നിര്‍ദേശിച്ച് തമിഴ്‌നാട് സ്വദേശികള്‍ പോയി. സംശയം തോന്നിയ സോണി വൈകീട്ട് എഴിന് ബാഗ് തുറന്നപ്പോള്‍ നോട്ടിന്റെ വലിപ്പത്തിലുള്ള ഏതാനും കറുത്ത കടലാസു കഷണങ്ങള്‍ മാത്രമാണ് ബാഗില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേര്‍ രണ്ടു ദിവസമായി ചെറുതോണിയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചതായും ബോധ്യപ്പെട്ടിട്ടുണ്ട്.
മുരുകന്‍ എന്നു പേരുളള ഒരാളുടെ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. പ്രതികള്‍ തിരുനെല്‍വേലി സ്വദേശികളാണെന്ന് സംശയിക്കുന്നു. ഇടുക്കി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പരാതിക്കാരനും ഇതുമായി ബന്ധപ്പെട്ട മറ്റു രണ്ടുപേരും പോലീസ് നിരീക്ഷണത്തിലാണ്.
ഇതിലൊരാള്‍ കഞ്ഞിക്കുഴി സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമാണ്. കഞ്ഞിക്കുഴിയിലുള്ള ബാങ്കില്‍ നിന്നും ഏഴു ലക്ഷം ചെറുതോണിയിലുള്ള ബാങ്കിലേക്ക് അയച്ചതിന്റെയും ഉച്ചയ്ക്ക് ഒരുമണിക്ക് ഏഴുലക്ഷം രൂപ ചെറുതോണിയില്‍ പിന്‍വലിച്ചതിന്റെയും രേഖകളുണ്ട്.
പിന്നീട് നടന്ന കാര്യങ്ങളിലാണ് ദുരൂഹതയുള്ളത്. തുക ഇരട്ടിപ്പിച്ചു നല്‍കാമെന്ന ഉറപ്പില്‍ ഏഴു ലക്ഷം തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ക്ക് നല്‍കിയെന്നാണ് രണ്ടാമതായി പരാതിക്കാരന്‍ പറയുന്നത്. ആദ്യം മോഷണം പോയെന്നും പിന്നീട് ഇരട്ടിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ തമിഴ്‌നാട്ടുകാര്‍ക്ക് നല്‍കിയെന്നു പറയുന്നു. പണം വാങ്ങിയവര്‍ എങ്ങനെ രക്ഷപെട്ടുവെന്ന് വ്യക്തമല്ല.
പരാതിക്കാരനും കെ.എസ്.ഇ.ബി ജീവനക്കാരനും മറ്റൊരാളും പോലീസ് കസ്റ്റഡിയിലാണ്. തമിഴ്‌നാട് സ്വദേശികളായ പ്രതികളുടെ ഫോട്ടോയും അഡ്രസും ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും പോലീസ് പറയുന്നു.
Post a Comment