Join News @ Iritty Whats App Group

സ്ഥിരനിയമനം നല്‍കിയില്ല, അധ്യാപിക ജീവനൊടുക്കി; താമരശ്ശേരി അതിരൂപത 13 ലക്ഷം വാങ്ങിയിരുന്നതായി കുടുംബം


കോഴിക്കോട് എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയാണ് അലീന.

വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് അലീനയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അലീന താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളിലാണ് ജോലി നോക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലായിരുന്നു അലീന ജോലി നോക്കിയിരുന്നത്.

ആറുവര്‍ഷം മുന്‍പ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് നല്‍കിയതായി കുടുംബം ആരോപിക്കുന്നു. സ്‌കൂള്‍ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയെന്നും സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് സ്‌കൂളുകളിലും സ്ഥിര നിയമനം നല്‍കുമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നതായി കുടുംബം പറയുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അലീന ജീവനൊടുക്കിയത്. കൊടിയ ചൂഷണമാണ് അധ്യാപിക നേരിട്ടതെന്നാണ് ലഭ്യമാകുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group