Join News @ Iritty Whats App Group

'അമ്മ പോയി, ഇപ്പോ അച്ഛനും പോയി, ഞങ്ങൾക്കിനി ആരാ ഉള്ളേ?'; ഉള്ളുനീറി കരഞ്ഞ് സുധാകരന്റെ പെൺമക്കൾ


പാലക്കാട് : പൊലീസ് സംവിധാനത്തിന്റെ പൂർണ്ണമായ തകർച്ചയാണ് നെന്മാറ ഇരട്ടക്കൊലയിലേക്ക് നയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് നെൻമാറ പഞ്ചായത്തിൽ പ്രവേശിച്ച ചെന്താമര, കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിടുകയായിരുന്നു പൊലീസ്. പൊലീസിൽ വിശ്വാസമില്ലെന്ന് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടേയും മക്കളായ അഖിലയും അതുല്യയും പറയുന്നു. ആദ്യം അമ്മയെ കൊന്നു. ഇപ്പോൾ അച്ഛനെയും അച്ഛമ്മയെയും വകവരുത്തി. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കൊലവിളി നടത്തിയതിനെ കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല. നേരത്തെ നൽകിയ പരാതിയിൽ നടപടി എടുത്തിരുന്നെങ്കിൽ അച്ഛൻ സുധാകരനും മുത്തശ്ശിയും ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും മക്കൾ പറഞ്ഞു. 



കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ വാക്കുകൾ 

'എന്തിനാണ് ഇങ്ങനെയുള്ളവരെ വളർത്തുന്നത്. അമ്മയും അച്ഛനും പോയി. ഞങ്ങളിനി എവിടെയാ ഇരിക്കുക. എവിടെയാ പോകുക. ഞങ്ങക്കിനി ആരാ ഉള്ളത്. കഴിഞ്ഞ മാസം 29 ന് ഇയാൾക്കെതിരെ എസ് ഐക്ക് പരാതി കൊടുത്തിരുന്നു. നാട്ടുകാരും പരാതിപ്പെട്ടിരുന്നു. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. ഭീഷണിപ്പെടുത്തുന്നുണ്ടോ, എന്തെങ്കിലും ആംഗ്യം കാണിക്കുന്നുണ്ടോ എന്നൊക്കെയാണ് പരാതിയുമായി പോയപ്പോൾ ഞങ്ങളോട് ചോദിച്ചത്. അയാൾ ആരോടും മിണ്ടാതിരിക്കുന്നയാളാണ്. മിണ്ടാതിരുന്ന് എല്ലാം മനസിൽ കണക്കുകൂട്ടിയാണ് ചെയ്തത്. അങ്ങനെയുള്ളയാൾ ഭീഷണിപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ഞങ്ങളെന്താ പറയണ്ടേ? അവിടെ ആ വീട്ടിൽ താമസിക്കാൻ അച്ഛമ്മക്ക് പേടിയുണ്ടായിരുന്നു. അച്ഛൻ ലോറി ഡ്രൈവറാണ്. ഞായറാഴ്ച വന്ന് തിങ്കളാഴ്ച പോകും. അച്ഛന് പേടിയുണ്ടോ എന്ന് ഞാൻ ചോദിച്ചതാ. ഇല്ല മോളേ എന്നാ അച്ഛൻ പറഞ്ഞത്. എന്തിനാ എല്ലാവരെയും കൊന്നതെന്ന് ഞങ്ങൾക്കറിയില്ലെന്നും കുട്ടികൾ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group