പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളും സുധാകരൻ്റെ അമ്മയായ ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തി. റിപ്പോർട്ട് പുറത്ത് വന്നതോടെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ചെന്താമരയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോയെന്ന് കരുതുന്ന വനത്തിനുള്ളിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കൊലപാതകത്തിൽ അന്വേഷണ സംഘം പ്രതി ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തിൽ തിരച്ചിൽ നടത്തുമെന്ന് അറിയിച്ചു. പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നായ എത്തി നിന്നത് ഈ കുളത്തിനടുത്താണ്. ഇതേ തുടർന്നാണ് കുളത്തിൽ തിരച്ചിൽ നടത്താൻ അന്വേഷണ സംഘം തീരുമാനം എടുത്തിരിക്കുന്നത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിലാവും തിരച്ചിൽ നടത്തുക.
അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്ന് മടങ്ങിയിരുന്നു. തിരുപ്പൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
Post a Comment