Join News @ Iritty Whats App Group

ദൃഷാനയെ കോമയിലാക്കിയ വാഹനാപകടം: പ്രതിയെ ഇതുവരെ നാട്ടിലെത്തിക്കാനായില്ല; തുടർചികിത്സക്ക് സാധ്യത തേടി കുടുംബം


കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ഒമ്പതുവയസുകാരി ദൃഷാനയെ കോമ സ്ഥിതിയിലാക്കിയ വാഹനാപകടക്കേസില്‍ പ്രതിയെ രണ്ട് മാസമായിട്ടും നാട്ടിലെത്തിക്കാനാകാതെ പൊലീസ്. യുഎഇയിലുള്ള പ്രതി ഷെജീലുമായി ആശയവിനിമയം നടത്താന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താതെ അടുത്ത ആഴ്ചയോടെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. ഏഷ്യാനെറ്റ് ന്യൂസ് രണ്ടര മാസത്തിനിടെ നടത്തിയ നിരന്തര ഇടപെടലുകളായിരുന്നു കേസ് തെളിയുന്നതിന് വഴിയൊരുക്കിയത്

ദേശീയപാത വടകര ചോറോട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് ഒമ്പതുവയസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയേയും കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പുറമേരി സ്വദേശി ഷെജീലാണെന്ന് ഡിസംബര്‍ 5 ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുഎഇ യിലുള്ള ഇയാളെ രണ്ടാഴ്ചയ്കുള്ളില്‍ നാട്ടിലെത്തിച്ച് പരമാവധി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമായിരുന്നു പൊലീസ് അറിയിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുകയെങ്കിലും കുടുംബത്തിന് ലഭിക്കുകയുള്ളു.

എന്നാല്‍ ഇതുവരെയായിട്ടും പ്രതി നാട്ടിലെത്തിയില്ല. ദൃഷാനയെയും മുത്തശ്ശിയേയും ഇടിച്ചിട്ടശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയും ഇൻഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് ക്ലെയിം തട്ടിയെടുത്തുമാണ് ഷെജീല്‍ വിദേശത്തേക്ക് കടന്നത്. ഇയാളുമായി ഇപ്പോള്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. പ്രതിയെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേസില്‍ അടുത്ത ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. അതിന് ശേഷം റെഡ് കോര്‍ണര്‍ പുറപ്പെടുവിക്കാനുള്ള അപേക്ഷ നല്‍കും.

വാഹനത്തിന്റെ പാര്‍ട്സുകള്‍ പ്രതി മാറ്റിയതുള്‍പ്പെടെയുള്ള കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശാസ്ത്രീയ തെളിവുകളെല്ലാം ലഭിച്ചുകഴിഞ്ഞെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ നാട്ടിലെത്തിക്കാന്‍ കഴിയാത്തതിനൊപ്പം കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലാത്തതും കുടുംബത്തിന് വലിയ പ്രയാസമാകുന്നുണ്ട്. തുടര്‍ചികില്‍സയ്ക്കായി നിംഹാന്‍സ് പോലുള്ള കൂടുതല്‍ മെച്ചപ്പെട്ട കേന്ദ്രങ്ങളെ തേടുകയാണ് കുടുംബം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായെങ്കിലും പിന്നീട് രണ്ട് തവണ കൂടി കുട്ടിയെ അവിടെ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. മാസം ഏഴായിരം രൂപ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാടകവീട്ടില്‍ കഴിയുകയാണ് കുടുംബം. ദൃഷാനയുടെ ദുരിതത്തക്കുറിച്ച് രണ്ടര മാസത്തിനിടെ ഏഷ്യാനെറ്റ് ന്യൂസാണ് നിരന്തരം വാര്‍ത്തകള്‍ ചെയ്തത്. ഇതിനെത്തുടര്‍ന്നായിരുന്നു വടകര റൂറല്‍ എസ് പി കേസ് അന്വേഷണത്തിന് പ്രത്യേക അന്വഷണസംഘത്തെ രൂപീകരിച്ചതും ഹൈക്കോടതിയുടെ സജീവ ഇടപെടലുകളുണ്ടായതും.

Post a Comment

أحدث أقدم
Join Our Whats App Group