മഹാ കുംഭമേളയ്ക്ക് പിന്നാലെ ശ്രദ്ധിക്കപ്പെട്ടൊരു പെൺകുട്ടിയുണ്ട് പ്രയാഗ് രാജിൽ. മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്. ദേശീയ മാധ്യമങ്ങൾ 'ബ്രൗൺ ബ്യൂട്ടി' എന്ന് വിശേഷിപ്പിച്ച മൊണാലിസയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇവരെ കാണാൻ നിരവധി പേർ എത്തുകയും തിക്കും തിരക്കും വർദ്ധിക്കുകയും ചെയ്തു. പിന്നാലെ മൊണാലിസയ്ക്ക് വീട്ടിലേക്ക് മടങ്ങേണ്ടിയും വന്നത് വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ ഇവർ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം. ദ ഡയറി ഓഫ് മണിപ്പൂർ എന്നാകും ചിത്രത്തിന്റെ പേരെന്നും ഇതു സംബന്ധിച്ച് മൊണാലിസയോടും വീട്ടുകാരോടും സംവിധായകൻ സംസാരിച്ചിരുന്നുവെന്നുമാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. മൊണാലിസ കരാറിൽ ഒപ്പിട്ടെന്നാണ് വിവരം. അങ്ങനെ എങ്കിൽ ചിത്രീകരണം ഉടൻ ആരംഭിക്കും.
നേരത്തെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം മൊണാലിസ പ്രകടിപ്പിച്ചിരുന്നു. കുടുംബം സമ്മതിച്ചാൽ സിനിമ ചെയ്യുമെന്നായിരുന്നു ഇവരുടെ പ്രതികരണം. 'രാമജന്മഭൂമി', 'ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ', 'കാശി ടു കശ്മീർ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ആളാണ് സനോജ് മിശ്ര. അടുത്തിടെ ഇദ്ദേഹം മൊണാലിസയെ കാണാൻ പോയതിന്റെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. വൈറൽ ആയതിന് പിന്നാലെ ഇവരെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവമാർഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കാണാൻ എത്തുന്നവരുടെ തിക്കും തിരക്കും വർദ്ധിച്ചതോടെ മൊണാലിസയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. സുരക്ഷ കണക്കിലെടുത്താണ് മടങ്ങിയതെന്നായിരുന്നു മൊണാലിസയുടെ പ്രതികരണം.
إرسال تعليق