ഹരിപ്പാട്: ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റു മരിച്ചു. ഭാര്യയും മൂന്നു ബന്ധുക്കളും അറസ്റ്റില്‍. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജ-ബീന ദമ്പതികളുടെ ഏകമകന്‍ വിഷ്ണു (34) വാണു മരിച്ചത്. വിഷ്ണുവിന്റെ ഭാര്യ ആതിര (31), ബന്ധുക്കളായ ആറാട്ടുപുഴ തറയില്‍ കടവ് തണ്ടാശേരിയില്‍ ബാബുരാജ് (54), പെടിമോന്‍ (50), പത്മന്‍ (41) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയത്. മൂന്നിനു രാത്രി ഒന്‍പതരയോടെ തറയില്‍കടവ് തണ്ടാശേരിലുള്ള ആതിരയുടെ വീട്ടിലായിരുന്നു സംഭവം.
വിഷ്ണുവും ആതിരയും ഒന്നര വര്‍ഷമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവര്‍ക്ക് ഏഴുവയസുള്ള മകളുണ്ട്. പോലീസ് സ്‌റ്റേഷനിലെ ധാരണപ്രകാരം മകളെ അവധി ദിവസങ്ങളില്‍ വിഷ്ണുവിനൊപ്പം വിട്ടയച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകളെ തിരിച്ചെത്തിക്കാനാണ് വിഷ്ണു ഭാര്യവീട്ടിലെത്തിയത്. എന്നാല്‍ മകള്‍ തന്‍വി അച്ഛനൊപ്പം പോകണമെന്നു വാശിപിടിച്ച് ബൈക്കില്‍നിന്ന് ഇറങ്ങിയില്ല. ഇതില്‍ ദേഷ്യപ്പെട്ട് ആതിര മകളെ അടിച്ചു. ഇതേച്ചൊല്ലി വിഷ്ണുവും ആതിരയും തമ്മില്‍ വഴക്കായി. ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചതു കണ്ട് സമീപവാസികളായ ആതിരയുടെ ബന്ധുക്കള്‍ കൂട്ടംചേര്‍ന്ന് വിഷ്ണുവിനെ മര്‍ദിക്കുകയായിരുന്നു. അടിയേറ്റു നിലത്തുവീണ വിഷ്ണു കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നു.
ഇരുമ്പുദണ്ഡ് ഉപയോഗിച്ചും മര്‍ദിച്ചതായി പറയുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന വിഷ്ണുവിന്റെ ബന്ധു കിഷോറിനും മര്‍ദനമേറ്റിട്ടുണ്ട്. ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കിഷോറും നാട്ടുകാരും ചേര്‍ന്ന് കായംകുളം താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ വിളിച്ചുപറഞ്ഞതനുസരിച്ച് തൃക്കുന്നപ്പുഴ പോലിസെത്തി മകള്‍ തന്‍വിയില്‍നിന്ന് ഉള്‍പ്പെടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ആതിരയെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തലയ്‌ക്കേറ്റ മര്‍ദനമാണു മരണകാരണമെന്ന് പോലീസ് പറഞ്ഞു.
إرسال تعليق