ഇരിട്ടി : തൃശൂരിൽ എൻട്രൻസ് പരീക്ഷ എഴുതി വീട്ടിലേക്ക് വരുന്നതിനിടയിൽ കാറിന് മുകളിൽ മരം വീണ് വിദ്യാർത്ഥി മരിച്ചു. മരം വീണതോടെ നിയന്ത്രണം നഷ്ടപെട്ട കാർ സമീപത്തെ കുളത്തിലേക്ക് മറിഞ്ഞു. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ ഇമ്മാനുവേൽ (22) ആണ് മരിച്ചത്. ആനപ്പന്തി - അങ്ങാടിക്കടവ് റോഡിൽ അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിന് സമീപം ചൊവ്വാഴ്ച്ച പുലർച്ചെ 5.15 ഓടെയാണ് അപകടം. അപകടം നടന്ന സ്ഥലത്തു നിന്നും ആരകിലോമീറ്റർ മാത്രം അകലെയാണ് ഇമ്മാനുവേലിന്റെ വീട്.
മരം കാറിന് മുകളിൽ വീണ ഉടനെ നിയന്ത്രണം വിട്ട കാർ 50 മീറ്റർ അകലെയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. റോഡരികിൽ അടിഭാഗം ദ്രവിച്ച നിലയിൽ ഉണ്ടായിരുന്ന കൂറ്റൻ റബർ മരം കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഡ്രൈവിംങ്ങ് സീറ്റിലായിരുന്ന ഇമ്മാനുവേലിന്റെ നെറ്റിത്തടത്തിൽ കൂറ്റൻ മരകമ്പ് ഇടിച്ചതോടെ കാർ നിയന്ത്രണം വിട്ട് അതിവേഗതിയിൽ റോഡരികിലെ വലിയ തെങ്ങ് ഇടിച്ചു മറിച്ചിട്ട ശേഷം ഏകദേശം 15 അടിയോളം താഴ്ചയിലുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു . ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കുളത്തിലെ വെള്ളത്തിലേക്ക് മുൻഭാഗം കുത്തി വീണ കാർ മുൻഭാഗം ചെളിയിൽ അമർന്ന നിലയിലായിരുന്നതിനാൽ രക്ഷാ പ്രവർത്തനത്തിന് തടസ്സം നേരിട്ടു. മണ്ണ് മാന്തി യന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് കാർ ഉയർത്തി ഇമ്മാനുവേലിനെ പുറത്തെടുക്കുമ്പോഴെക്കും മരിച്ചിരുന്നു.
മരക്കൊമ്പ് നെറ്റിത്തടത്തിൽ ഇടിച്ചത് മൂലം ആഴത്തിലുള്ള മുറിവുണ്ടാവുകയും കണ്ണിനോട് ചേർന്ന ഭാഗത്തും മൂക്കിനും ചതവ് സംഭവിക്കുകയും ചെയ്തു. കാറിനുള്ളിൽ നിന്നും മരത്തിടിയുടെ വലിയ ഭാഗവും കണ്ടെത്തി. മരത്തടി കാറിന്റെ ചില്ലു തകർത്ത് ഇമ്മാനുവേലിന്റെ നെറ്റിയിൽ ശക്തിയോടെ പതിച്ചപ്പോൾ കാർ നിയന്ത്രണം വിട്ട് അമിത വേഗതയിൽ മുന്നോട്ട് കുതിച്ച് കുളത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം . കാറിൽ ഇമ്മാനുവേൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് . പുലർച്ചെ അഞ്ചിന് ഇരിട്ടിയിൽ എത്തിയ ഇമ്മാനുവേൽ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അങ്ങാടിക്കടവിലെ കുറിച്ചികുന്നേൽ ബെന്നി , ബീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എലിസബത്ത് (യു കെ), എമിലി . സംസ്‌കാരം ബുധനാഴ്ച്ച വൈകിട്ട് നാലിന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളി സെമിത്തേരിയിൽ
إرسال تعليق