കോൺഗ്രസ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ സംഭൽ സന്ദർശിക്കുമെന്ന വിവരത്തെ തുടർന്ന് ഗാസിപൂർ യുപി ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഇരുവരെയും യുപി അതിർത്തിയിൽ തന്നെ തടഞ്ഞേക്കുമെന്നാണ് സൂചന. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ ഡൽഹിയിൽ നിന്നും പുറപ്പെടും.
ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കാണ് സംഭവിച്ചിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് എത്തിച്ചേർന്നിട്ടുള്ളത്. പ്രിയങ്ക ഉൾപ്പെടെ അഞ്ച് പാർട്ടി എംപിമാർക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര.
നവംബർ 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. പൊലീസിൻറെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നേരത്തെ സംഭലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ വെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.
إرسال تعليق