Join News @ Iritty Whats App Group

റേഷന്‍ വാങ്ങാത്തവര്‍ക്ക് 'പണി' കിട്ടിത്തുടങ്ങി ; തുടര്‍ച്ചയായി മൂന്ന് മാസം വേണ്ടെന്നുവെച്ച അരലക്ഷത്തിലേറെപ്പേര്‍ മുന്‍ഗണനാവിഭാഗത്തില്‍ നിന്നും 'ഔട്ട്' ; ഓണക്കിറ്റ് ഉപേക്ഷിച്ചാലും പുറത്താകും


തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്‍ വീണ്ടും ശുദ്ധീകരണം. മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 60,000പേരെയാണ് പുറത്താക്കിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ വാങ്ങാതിരുന്നവരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് വെട്ടിയത്.

ഇവരെ വെള്ള കാര്‍ഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് സര്‍ക്കാരിന്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകളെയും മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ബന്ധമായും മസ്റ്ററിങ് നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. മസ്റ്ററിങ്ങിനു വേണ്ടി പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിട്ടുണ്ടായിരുന്നു.

അര്‍ഹമായ റേഷന്‍ വിഹിതം ലഭിക്കുന്നതിനു വേണ്ടിയാണ് മസ്റ്ററിങ്. ഇതിനിടയില്‍ മൂന്ന് മാസമായി റേഷന്‍ വാങ്ങാതിരുന്ന മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളില്‍ 60,000ത്തോളം കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍നിന്നു ഒഴിവാക്കി. ഇവര്‍ക്ക് പകരം അര്‍ഹതയുള്ളവരെ കണ്ടെത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് കൊണ്ടുവരും. റേഷന്‍ വാങ്ങാതിരുന്ന 4000ത്തിലധികം നീല കാര്‍ഡ്ഉടമകളെയും വെള്ള കാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഓണക്കിറ്റ് വാങ്ങാതിരുന്ന മുന്‍ഗണനാ വിഭാഗത്തിലുള്ളവരെയും ഒഴിവാക്കും. മരിച്ചവരും അനര്‍ഹരുമാണ് ഓണക്കിറ്റ് വാങ്ങാത്തത് എന്നാണ് വിലയിരുത്തല്‍. ഇവരെയും മുന്‍ഗണനേതര കാര്‍ഡിലേക്ക് മാറ്റും. കഴിഞ്ഞവര്‍ഷം ഓണക്കിറ്റ് വാങ്ങിയ മുന്‍ഗണനാ വിഭാഗക്കാരില്‍ ഇൗ വര്‍ഷം എണ്ണൂറിലധികം പേര്‍ കിറ്റ് വാങ്ങിയിട്ടില്ലെന്നാണ് കണ്ടെത്തല്‍.

മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇൗ മാസം പത്തിനകം അപേക്ഷ സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. ജില്ലാ സപ്‌ളൈ ഓഫീസര്‍മാര്‍ പരിശോധിച്ച് അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

Post a Comment

Previous Post Next Post
Join Our Whats App Group