ജോർജിയ: ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച എല്ലാവരും റിസോർട്ടിൽ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റിലെ ജീവനക്കാരാണ്. സ്ഥാപനത്തിന്റെ രണ്ടാം നിലയിലെ കിടപ്പ് മുറയിൽ ആണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാവാം മരണകാരണം എന്നാണ് സംശയിക്കുന്നത്. ഇവരുടെ ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല. മരണകാരണം കൃത്യമായി കണ്ടെത്താനുള്ള ഫോറൻസിക് പരിശോധന നടന്നുവരികയാണ്.
മരിച്ച 12 പേരും ഇന്ത്യൻ റെസ്റ്റോറന്റിലെ ജീവനക്കാരായിരുന്ന ഇന്ത്യൻ പൗരന്മാരാണെന്ന് ടിബിലിസിയിലെ ഇന്ത്യയൻ എംബസി ഉദ്യോഗസ്ഥർ ഹിന്ദുസ്ഥാൻ ടൈംസിനോട് സ്ഥിരീകരിച്ചു.
എന്നാൽ 11 പേർ വിദേശികളാണെന്നും ഒരാൾ തങ്ങളുടെ പൗരനാണെന്നുമാണ് ജോർജിയ അവകാശപ്പെടുന്നത്. മരിച്ചവരുടെ കുടുംബത്തിന് ജോർജിയയിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നതായും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പറഞ്ഞു.
വെള്ളിയാഴ്ച രാത്രി കിടപ്പ് മുറിക്ക് സമീപമുള്ള അടച്ചിട്ട ഇൻഡോർ ഏരിയയ്ക്കുള്ളിൽ ഓൺ ചെയ്ത പവർ ജനറേറ്ററിൽ നിന്നാണ് കാർബൺ മോണോക്സൈഡ് വിഷബാധയുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധന ആരംഭിച്ചെന്നും മന്ത്രാലയം പറഞ്ഞു. അശ്രദ്ധമായ നരഹത്യ കൈകാര്യം ചെയ്യുന്ന ജോർജിയയിലെ ക്രിമനിൽ കോഡിന്റെ ആർട്ടിക്കിൾ 116 പ്രകാരം ജോർജിയൻ പോലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق