ചെന്നൈ: സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കിയ നിലയിൽ. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ശ്രുതിയുടെ ശബ്ദസന്ദേശത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു.
വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. എന്നാൽ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺസന്ദേശത്തിലുണ്ട്. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment