ലഖ്നൗ: ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ എറിഞ്ഞതായും പൊലീസ് അറിയിച്ചു. കഴുത്ത് ഞെരിച്ചാണ് പ്രതികൾ ഡെലിവറി ഏജൻ്റിനെ കൊലപ്പെടുത്തിയത്. ലഖ്‌നൗവിലെ ചിൻഹട്ട് സ്‌റ്റേഷൻ ഏരിയയിലാണ് സംഭവം. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ചാണ് ഉപഭോക്താവ് ഐഫോൺ ഓർഡർ ചെയ്തത്. ഫോണിന്റെ 1.5 ലക്ഷം രൂപ നൽകാതിരിക്കാൻ വേണ്ടിയാണ് പ്രതികൾ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റായ ഭരത് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഇന്ദിരാ കനാലിലാണ് വലിച്ചെറിഞ്ഞത്. രണ്ട് ദിവസമായിട്ടും ഭരത് കുമാർ തിരികെ എത്താതിനെ തുടർന്ന് ഭരത് കുമാറിന്റെ സഹോദരനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഭരത് കുമാറിനെ കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ മൃതദേഹത്തിനായുളള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Post a Comment