തിരുവനന്തപുരം > പൊതുസ്ഥലങ്ങളില് മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില് കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്ക്കെതിരെ പരാതി നല്കുവാനും വാട്സാപ് നമ്പര്. ഇനി മുതൽ പരാതികൾ തെളിവുകള് സഹിതം 9446700800 എന്ന വാട്സാപ് നമ്പറിലേക്ക് അയക്കാം. സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരെ പരാതി നല്കുവാനുള്ള പൊതു വാട്സാപ്പ് നമ്പറിന്റെ പ്രഖ്യാപനവും കൊല്ലം കോര്പറേഷന് കൗണ്സില് ഹാളില് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.
പൊതു വാട്സാപ് നമ്പര് എന്നത് ഒരു സോഷ്യല് ഓഡിറ്റ് ആയി കൂടിയാണ് പ്രവര്ത്തിക്കുക. സംസ്ഥാനതല വാര് റൂമില് ലഭിക്കുന്ന പരാതികള് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നല്കുന്ന രീതിയാണ് പിന്തുടരുക. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളില് ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാര്ക്ക് എതിരെ നടപടികള് സ്വീകരിക്കലുമാണ്.
സംസ്ഥാനം സമ്പൂര്ണ മാലിന്യമുക്ത സംസഥാനമായി മാറുന്നതിനു ഓരോ പൗരന്റെയും സമര്പ്പിത മനോഭാവത്തോടെയുള്ള പ്രവര്ത്തനം അനിവാര്യമാണെന്നും ജനപങ്കാളിത്തം വര്ധിപ്പിച്ചു മാലിന്യമുക്ത കേരളം സൃഷ്ടിക്കുക എന്നതാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര് രണ്ടിന് കൊട്ടാരക്കരയില് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും.
Post a Comment