കണ്ണൂർ വിമാനത്താവളത്തില്‍ മോക്ഡ്രില്‍ നടത്തി മട്ടന്നൂര്‍: നഗരത്തിലൂടെ കണ്ണൂർ വിമാനത്താവളത്തിലേക്ക് ആംബുലൻസുകള്‍ ചീറിപ്പാഞ്ഞു.
വിമാനത്തിന് തീപിടിച്ചെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നുമുള്ള പ്രചാരണം വ്യാപകമായതോടെ ജനങ്ങളാകെ ആശങ്കയിലുമായി. സംഭമറിഞ്ഞ ചിലർ വിമാനത്താവളത്തിലേക്കോടി. രാവിലെ 11.20 ഓടെ മട്ടന്നൂര്‍, ചാല, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ആംബുലകളാണ് നഗരത്തിലൂടെ ചീറിപാഞ്ഞത്.
ഇന്നലെ രാവിലെ11.10 ഓടെയാണ് 'തീ പിടിച്ച' വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കിയത്. വിമാനത്തില്‍ 47 പേരായിരുന്നു ഉണ്ടായിരുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ നടത്തിയ മോക്ഡ്രില്‍ ജീവനക്കാരേയും നാട്ടുകാരേയും അക്ഷരാര്‍ഥത്തില്‍ ഭയചകിതരാക്കി. വിമാനത്താവളത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടിയുടെ മാതൃകാ രക്ഷാപ്രവര്‍ത്തനമാണ് ഇതെന്നന്നറിയാതെയാണ് നാട്ടുകാരും ജീവനക്കാരും ഭയചകിതരായത്.
മാതൃകാ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്നറിഞ്ഞതോടെ ചിലര്‍ ആശ്വാസംകൊണ്ടു. എന്നാല്‍ മറ്റുചിലരാകട്ടെ തെറ്റിദ്ധരിപ്പിച്ചതിനു രോഷം കൊള്ളുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമായിരുന്നു മോക്ഡ്രില്‍ വിവരം അറിയാമായിരുന്നത്. അതുകൊണ്ടു തന്നെ സര്‍വരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി.
മുഖത്തും കൈകള്‍ക്കും കഴുത്തിനും സാര മായി പൊള്ളലേറ്റവരെ രക്ഷപ്പെടുത്തി ആദ്യത്തെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മുഖത്തും കൈകള്‍ക്കും മുറിവേറ്റവരേയും പിന്നീട് മറ്റുള്ളവരേയും വിവിധ ആംബുലന്‍സു കളില്‍ ആശുപത്രിയിലെത്തിച്ചു.
അഞ്ചരക്കണ്ടി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. ഒടുവിലായി നെറ്റിയിലും കൈകളിലും നേരിയ മുറിവുണ്ടായിരുന്നവരെ വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം അപകടവിവരമറിഞ്ഞ് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെ ഏല്‍പ്പിച്ചു.
വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയാണ് മോക്ഡ്രില്‍ നടത്തിയത്. സംസ്ഥാന അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരടക്കം നിരവധി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. വിമാനത്താവളം ഉദ്ഘാടനം ചെയ്ത് 1201 ദിനം പൂര്‍ത്തിയായ 2022 മാര്‍ച്ച് 23നും ഇവിടെ മോക്ഡ്രില്‍ നടത്തിയിരുന്നു. തുടര്‍ന്ന് 910 ദിവസം പൂര്‍ത്തിയാകവേയാണ് വീണ്ടും മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
Post a Comment