Join News @ Iritty Whats App Group

കൊവിഡ് ലോക്ഡൌൺ സാരമായി ബാധിച്ചു, ആശങ്കയായി മസ്തിഷ്ക വാർധക്യം, കുട്ടികൾക്ക് പെട്ടന്ന് മസ്തിഷ്ക വാർധക്യം സംഭവിക്കുന്നു എന്നു പഠനം


ന്യൂയോർക്ക്: ഒന്നരവർഷത്തോളം നീണ്ട കൊവിഡ് ലോക്ഡൗൺ കാലം നമ്മുടെ കുട്ടികളുടെ സാമൂഹിക വിവേകത്തെയും കായിക ക്ഷമതയെയും മാനസികാരോഗ്യത്തെയുമെല്ലാം ബാധിച്ചെന്നു കാണിക്കുന്ന പഠനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എംആർഐ സ്കാനുകളില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അകാല മസ്തിഷ്ക വാർധക്യത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സർവകലാശാല. അതേസമയം ലോക്ഡൗണിലൂടെ കടന്നുപോയവരിൽ മസ്തിഷ്ക വാർധക്യം കൂടുതൽ ബാധിച്ചത് പെൺകുട്ടികളെയാണെന്നാണ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നത്.



2018-ൽ ഒമ്പതിനും 17നും ഇടയില്‍‌ പ്രായമുള്ള 160 കുട്ടികളുടെ എംആർഐ സ്കാനുകൾ ഗവേഷകർ ശേഖരിച്ചിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ എങ്ങനെയാണ് തലച്ചോറിന്റെ കോർട്ടെക്‌സ് സാധാരണയായി കനംകുറയുന്നതെന്ന് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു എംആർഐ സ്കാൻ ശേഖരിച്ചത്. 2021ലും 2022ലും ഇതേ സ്കാനുകള്‍ വീണ്ടും പരിശോധിക്കുകയും 12നും 16നും ഇടയില്‍ പ്രായമുള്ളവരുടെ പുതിയ എംആർഐ സ്കാനുകള്‍‌ ശേഖരിക്കുകയും ചെയ്തു. ലോക്‌ഡൗണിന് ശേഷം പെണ്‍കുട്ടികളുടെ തലച്ചോറിന് ശരാശരി 4.2 വയസ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ആണ്‍കുട്ടികളില്‍ ഇത് 1.4 വയസാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത്, 11-ാം വയസ്സിൽ എംആർഐ സ്കാൻ എടുത്ത പെൺകുട്ടി 14-ാം വയസ്സിൽ ലാബിൽ തിരിച്ചെത്തിയപ്പോൾ 18 വയസ്സുകാരിയുടേത് പോലെ വളർച്ച പ്രാപിച്ച മസ്തിഷ്കമുണ്ടെന്ന്.



പെൺകുട്ടികൾക്ക് മസ്തിഷ്ക വാർധക്യം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും എന്നു പരിശോധിക്കുമ്പോഴുള്ള വിവരങ്ങൾ ആശങ്കയ്ക്ക് വക നൽകുന്നതാണ്. കൗമാരക്കാരായ പെൺകുട്ടികളെ പ്രശ്നം കൂടുതൽ ബാധിച്ചതിനു കാരണം അവരുടെ മസ്തിഷ്കത്തിൻ്റെ വളർച്ച സാമൂഹിക ഇടപെടലിനെ ആശ്രയിക്കുന്നു എന്നതാണ്. പ്രത്യേകിച്ച് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് സമ്മർദ്ദം ഒഴിവാക്കാനും പ്രശ്‌നപരിഹാരത്തിനുമുള്ള മാർഗമായി അവർ കാണുന്നു. സാമൂഹികമായ ഇത്തരം ഇടപെടലുകളുടെ അഭാവമാണ് പെൺകുട്ടികൾക്ക് മസ്തിഷ്ക വാർധക്യം ബാധിക്കാൻ കാരണം.



ലോക്‌ഡൗണിന് മുൻപുള്ള സ്കാനിങ് റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ്‍കുട്ടികളുടെ തലച്ചോറിന്റെ ഒരുഭാഗത്ത് മാത്രമാണ് കോർട്ടിക്കല്‍ ത്വരിതഗതിയിൽ കനംകുറയുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ തലച്ചോറിന്റെ രണ്ട് ഭാഗങ്ങളിലെ ലോബുകളിലും ഈ ലക്ഷണം പ്രകടമാണ്. കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗത്താണ് ആണ്‍കുട്ടികളിലും പെണ്‍‌കുട്ടികളിലും അകാലവാർധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.



മസ്തിഷ്കത്തിലെ ഇത്തരം മാറ്റങ്ങൾ എന്തുതരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നതിൽ വ്യക്തതയില്ലെങ്കിലും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കോർട്ടെക്സിൻ്റെ കനം കുറയുന്നത് ഒരു മോശം അവസ്ഥയല്ല. മസ്തിഷ്കം പക്വത പ്രാപിക്കുമ്പോൾ അതിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതാണ് ഈ പ്രക്രിയ. എന്നാൽ കോർട്ടെക്സിൻ്റെ കനം കുറയുന്നത് സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളെ ത്വരിതപ്പെടുത്തുന്നുവെന്നുവെന്നും വിഷാദവും ഉത്കണ്ഠയുമുണ്ടാകാൻ കാരണമായേക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും പ്രകടമായിരിക്കുന്ന മാറ്റം ഞെട്ടിച്ചതായാണ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേണിംഗ് ആൻഡ് ബ്രെയിൻ സയൻസസിൻ്റെ സഹ ഡയറക്ടർ പ്രൊഫ.പട്രീഷ്യ കുൽ പ്രതികരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group