Join News @ Iritty Whats App Group

ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരു, കടുത്ത നിലപാടിൽ സിപിഐ

കോട്ടയം : സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കടുത്ത നിലപാടുമായി സിപിഐ. ആർഎസ് എസ് ബന്ധമുളള എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. നിലപാടിൽ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.  

സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ സിപിഐ വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. 


അതേസമയം, സര്‍ക്കാരിനെതിരെ സഭയിൽ ഉയരാനിടയുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് മുന്നിൽ കണ്ട് കൂടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. പൂരം കലക്കലിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് സിപിഐ എഡിജിപിക്കെതിരെ കടുപ്പിക്കുന്നത്. അന്വേഷണം തീരട്ടെ എന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കാത്തിരിപ്പ്. പക്ഷെ തീരുമാനം അനന്തമായി നീട്ടാൻ സിപിഐ തയ്യാറല്ലെന്ന് വ്യക്തമാണ്. അജിത് കുമാറിൻറെ മാറ്റമില്ലാതെ സിപിഐക്ക് നിയമസഭയിലേക്ക് പോകാനാകാത്ത രാഷ്ട്രീയസ്ഥിതിയാണ്. അജിത് കുമാറിനെതിരായ പലതരം അന്വേഷണം നടക്കുന്നുണ്ട്. ഡിജിപി തല അന്വേഷണത്തിന്റെ കാലാവധി മൂന്നിന് തീരും. അൻവറിൻറെ പരാതിയിലാണ് അന്വേഷണം. പക്ഷെ അൻവർ ഇടത് ബന്ധം വിട്ടതോടെ ഇനി അന്വേഷണത്തിൻറെ ഭാവിയിൽ സിപിഐക്ക് ആശങ്കയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group