പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ് വിധി. അതേസമയം കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി.
മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് കോടതി വിധി പറഞ്ഞത്. മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസൻ മാവുങ്കലിൻ്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി. ജോഷി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോൻസണെതിരേ ചുമത്തിയിരുന്ന കുറ്റം.
ആദ്യ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ മാവുങ്കൽ. മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ 2 പോക്സോ കേസുകളുമുണ്ട്. ഇതിൽ ആദ്യ കേസിലാണ് മോൺസൺ ശിക്ഷിക്കപ്പെട്ടത്.
Post a Comment