കണ്ണൂർ; കുവൈറ്റ് സമുദ്രാതിർത്തിയില്‍ ഇറാനിയൻ ചരക്കുകപ്പല്‍ മുങ്ങി രണ്ടു മലയാളികളടക്കം ആറു ജീവനക്കാർ മരിച്ചു.കണ്ണൂർ ആലക്കോട് കാവുംകുടിയിലെ കോട്ടയില്‍ സുരേഷ്-ഉഷ ദമ്ബതികളുടെ മകൻ അമല്‍ (26), തൃശൂർ ഒളരിക്കര വേലക്കേത്ത് വീട്ടില്‍ അനീഷ് ഹരിദാസ് (26) എന്നിവരാണു മരിച്ച മലയാളികള്‍.
"അറബക്തർ വണ്‍'' എന്ന കപ്പലാണ് കുവൈറ്റ് തീരത്തിനു സമീപം മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ആറു ജീവനക്കാരും മരിച്ചതായാണു വിവരം. മരിച്ച മറ്റുള്ളവരെല്ലാം ഇറാൻ സ്വദേശികളാണ്.ഇറാൻ, കുവൈറ്റ് നാവികസേന സംയുക്തമായി നടത്തിയ തെരച്ചിലില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് ഇറാൻ മാരിടൈം നാവിഗേഷൻ അഥോറിറ്റി അറിയിച്ചു.
കണ്ടെടുത്ത മൃതദേഹങ്ങള്‍ ആരുടേതാണെന്നു സ്ഥിരീകരിക്കാൻ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യൻ എംബസി അധികൃതർ അമലിന്‍റെ അമ്മ ഉഷയെ വിളിച്ചപ്പോഴാണു സംഭവം നാട്ടില്‍ അറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു നിയമ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
Post a Comment