ദില്ലി: അച്ഛനെയും നാല് പെണ്‍മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ദില്ലി രംഗ്പുരിയിലെ വാടക വീട്ടിലാണ് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയത്. മക്കളിൽ രണ്ടു പേർ ഭിന്നശേഷിക്കാരാണ്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഹീരാ ലാൽ (50), മക്കളായ നീതു (18), നിഷി (15), നീരു (10), നിധി (8) എന്നിവരാണ് മരിച്ചത്. മരപ്പണിക്കാരനായ ഹീരാ ലാലിന്‍റെ ഭാര്യ കാൻസർ ബാധിച്ച് ഒരു വർഷം മുമ്പ് മരിച്ചിരുന്നു. അച്ഛനും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് പൊലീസ് എത്തിയത്. വെള്ളിയാഴ്‌ച പൊലീസ് സ്‌ഥലത്തെത്തിയപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അഗ്നിശമനസേന വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സെപ്തംബർ 24 ന് ഹീരാ ലാൽ വീട്ടിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതിനുശേഷം ആരും അകത്ത് കയറുകയോ പുറത്തുപോകുകയോ ചെയ്തിട്ടില്ല. പെൺകുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ ആയിരുന്നു. അച്ഛന്‍റേത് മറ്റൊരു മുറിയിലുമായിരുന്നു.
മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും കണ്ടെത്തി. പെൺമക്കളുടെ വയറിലും കഴുത്തിലും ചുവന്ന നൂൽ കെട്ടിയിരുന്നു. ആരുടെയും ശരീരത്തിൽ മുറിവുകളൊന്നുമില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുടുംബം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കുറിപ്പുകളൊന്നും കാണാത്ത സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Post a Comment