Join News @ Iritty Whats App Group

മലപ്പുറത്തെ നിപ മരണം: 24 കാരൻ 4 ആശുപത്രികളിൽ ചികിത്സ തേടി, യുവാവ് ബാംഗ്ലൂരിലെ വിദ്യാർത്ഥി


മലപ്പുറം ജില്ലയില്‍ നിപ വൈറസ് മരണം സ്ഥിരീകരിച്ച 24 വയസുകാരൻ ബാംഗ്ലൂരിലെ വിദ്യാർത്ഥി. പണി ബാധിച്ച യുവാവ് 4 ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

24 വയസുകാരന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയടക്കം തയ്യാറാക്കി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയെന്ന് വീണ ജോർജ് അറിയിച്ചു. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ടെന്നും ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group