Join News @ Iritty Whats App Group

അധികാരത്തിലേറി 100 ദിനം, നരേന്ദ്ര മോദിക്ക് മേൽ സഖ്യകക്ഷികളുടെ സമ്മർദം; ജാതി സെൻസസ്, രണ്ടും കൽപ്പിച്ച് ജെഡിയു


ദില്ലി: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ് ഇന്ന് നൂറ് ദിവസം തികയുമ്പോൾ ജാതി സെൻസസിനുള്ള സമ്മർദ്ദം ശക്തമാക്കി സഖ്യകക്ഷിയായ ജെഡിയു. ജാതി സെൻസസ് നടത്തുന്നതിനോട് എതിർപ്പില്ലെന്നും ഇതിനായി നടപടി എടുക്കുമെന്നും മുതിർന്ന ബിജെപി നേതാക്കൾ സൂചിപ്പിച്ചു. അതേസമയം, മൂന്നാം സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ശക്തിപ്പെടുന്നതിനെ മന്ത്രി നിതിൻ ഗഡ്കരി സ്വാഗതം ചെയ്തിട്ടുണ്ട്. 

മൂന്നാം വട്ടം അധികാരത്തിലേറി റെക്കോർഡ് നേട്ടം കൈവരിച്ചെങ്കിലും നൂറു ദിവസം പിന്നിടുമ്പോൾ നരേന്ദ്ര മോദിക്ക് മേൽ സഖ്യകക്ഷികളുടെ കടുത്ത സമ്മർദ്ദം ദൃശ്യമാകുകയാണ്. ജാതി സെൻസസ് രാഹുൽ ഗാന്ധി പ്രധാന വാഗ്ദാനമാക്കുന്ന സാഹചര്യത്തിൽ ജെഡിയു, ലോക്ജനശക്തി പാർട്ടി തുടങ്ങിയ സഖ്യകക്ഷികൾ ഈ ആവശ്യം ആവർത്തിച്ചു. ബീഹാറിൽ ജാതി സെൻസസ് നിതീഷ് കുമാർ വിജയകമായി നടത്തിയെന്നും സംവരണ പരിധി 65 ശതമാനമായി ഉയർത്തിയെന്നും ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ ചൂണ്ടിക്കാട്ടി. 

കേന്ദ്രവും ഇതേ മാതൃക ആലോചിക്കണമെന്നും സഞ്ജയ് ഝാ പരസ്യമായി ആവശ്യപ്പെട്ടു. രാജ്യത്തെ സെൻസസ് നടപടികൾക്ക് ഒപ്പം ജാതി കണക്കെടുപ്പും കൂടി നടത്താൻ എതിർപ്പില്ലെന്ന് സർക്കാരിലെ ഒരു മുതിർന്ന മന്ത്രി പ്രതികരിച്ചു. ജാതി രേഖപ്പെടുത്താനുള്ള ഒരു കോളം കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ ജെഡിയു എൻഡിഎ വിടാനുള്ള സാധ്യതയുണ്ട്. വഖഫ് ബില്ല് നടപ്പാക്കുന്നതും ബീഹാർ തെരഞ്ഞെടുപ്പ് വരെ മാറ്റി വയ്ക്കണം എന്ന് ജെഡിയുവിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. 

കഴിഞ്ഞ നൂറു ദിനത്തിൽ സംഘപരിവാർ അജണ്ടയോട് ചേർന്നു നിൽക്കുന്ന നീക്കങ്ങളൊന്നും നടത്താൻ സർക്കാരിനായിരുന്നില്ല. ഇതിനിടെ പ്രതിപക്ഷം ശക്തിപ്പെടുന്നത് ജനാധിപത്യത്തിൽ സ്വാഗതാർഹമാണെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കണമെന്നും ഗഡ്കരി നിർദ്ദേശിച്ചു. തനിക്ക് പ്രധാനമന്ത്രി സ്ഥാനം നൽകാമെന്ന് ഒരു നേതാവ് വാഗ്ദാനം ചെയ്തിരുന്നു എന്ന ഗഡ്കരിയുടെ പ്രസ്താവന ഇന്നലെ വിവാദമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group