കോട്ടയം: ജെസ്ന മരിയ തിരോധാനത്തില്‍ ഈയിടെ വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ കടമ്പകളേറെ. ശാരീരികവും മാനസികവുമായ നിരവധി പരിശോധനകള്‍ നടത്തി അവയെല്ലാം തൃപ്തികരമാണെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടതുണ്ട്.
നുണപരിശോധന നടത്താന്‍ കോടതിയുടെ അനുമതിയും വേണം. ഏറെ സാമ്പത്തിക ചെലവുള്ള ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ ജെസ്ന തിരോധാനത്തിന് തുമ്പുണ്ടാകുമെന്ന പ്രതീക്ഷ സിബിഐയ്ക്കില്ല.മുണ്ടക്കയത്തെ ലോഡ്ജില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പനയ്ക്കച്ചിറ സ്വദേശിയായ രമണിയാണ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.
ജെസ്നയെ കാണാതാകുന്നതിനു രണ്ടു ദിവസം മുന്‍പ് ജെസ്ന ലോഡ്ജില്‍ മുറിയെടുത്തുവെന്നും ഒരു യുവാവ് അവിടെ അന്വേഷിച്ചുവന്നുവെന്നും വൈകുന്നേരം ഇരുവരും തിരികെപ്പോയെന്നുമായിരുന്നു ജീവനക്കാരിയുടെ മൊഴി.ഇതേത്തുടര്‍ന്ന് സിബിഐ ലോഡ്ജിലെത്തി പരിശോധന നടത്തുകയും ഉടമയില്‍നിന്ന് വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു.
പിന്നീട് രമണിയില്നിന്ന് രണ്ടു മണിക്കൂറിലേറെ വിവരങ്ങള്‍ ചോദിച്ചു. നുണപരിശോധനയ്ക്ക് തയാറാണോ എന്നു സിബിഐ ചോദിച്ചപ്പോള്‍ തയാറാണെന്ന് രമണി പറഞ്ഞിരുന്നു.സിബിഐ അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റാരുടെയെങ്കിലും സ്വാധീനത്തിലും ഇടപെടലിലുമാണോ രമണി ഇത്തരത്തില്‍ പ്രതികരണം നടത്തിയതെന്നാണ് സിബിഐയ്ക്ക് അറിയാനുള്ളത്.
ജെസ്നയെ കാണാതായി നാലു വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്. സിബിഐ അന്വേഷണം വഴിതിരിക്കാന്‍ ജെസ്ന തിരോധാനത്തില്‍ പങ്കുള്ളവർ നടത്തിയ നീക്കമാണോ രമണി നടത്തിയതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തത്കാലം കാര്യമായ അന്വേഷണം വേണ്ടെന്നാണ് സിബിഐയുടെ തീരുമാനം. ജെസ്നയുടെ പിതാവ് ജയിംസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയത്തിനു സമീപമുള്ള ചില വ്യക്തികളെ കേന്ദ്രീകരിച്ചാണ് നിലവില്‍ സിബിഐ അന്വേഷണം മുന്നോട്ടു പോകുന്നത്.
Post a Comment