Join News @ Iritty Whats App Group

സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരം; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണം; ഹൈക്കോടതി നടപടികളെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി എടുത്ത നടപടികളെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കാണണമെന്ന കോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരമാണ്.

ഇത്തരക്കാര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പേരുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ അന്വേഷണ ഏജന്‍സിക്ക് നടപടി സ്വീകരിക്കാം. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹൈക്കോടതി നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്ന് കരുതുന്നു. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. പൂര്‍ണമായ റിപ്പോര്‍ട്ട് ഹൈക്കോടതി ചോദിച്ച സാഹചര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ എന്തൊക്കെ നടപടിക്ക് സാധിക്കുമെന്നത് അടക്കം അറിയിക്കണമെന്നും സമ്പൂര്‍ണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആക്ടിങ്് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളില്‍ എന്തു നടപടി എടുക്കാന്‍ സാധിക്കുമെന്ന് അറിയിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

സര്‍ക്കാരിനോട് സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതിനൊപ്പം നടപടിയെടുത്തില്ലെങ്കില്‍ കമ്മിറ്റി രൂപീകരിച്ചത് ഉള്‍പ്പെടെയുള്ളവ പാഴ്വേലയാകുമെന്ന് കൂടി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കവെ ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മിഷനല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാനാണു കമ്മിറ്റി വച്ചതെന്നും ഇതില്‍ മൊഴി നല്‍കിയവര്‍ക്ക് മുന്നോട്ടു വരാന്‍ പറ്റാത്ത അവസ്ഥയാണെന്നും കമ്മിറ്റിയോടു പേര് പറയാന്‍ സര്‍ക്കാരിന് ആവശ്യപ്പെടാനാവില്ലെന്നും അത് അവരെ ബുദ്ധിമുട്ടിക്കലാക്കുമെന്നും ഹൈക്കോടതിയെ സര്‍ക്കാര്‍ ബോധിപ്പിച്ചു. എല്ലാ പേരുകളും രഹസ്യമാണെന്നും സര്‍ക്കാരിന്റെ പക്കലും പേരുകളില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നിയമനടപടി എടുക്കാനാവുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മൊഴികള്‍ നല്‍കിയവര്‍ക്കു മുന്നോട്ടുവരാന്‍ പറ്റാത്ത സാഹചര്യമാണെന്നത് മനസിലാക്കുന്നതോടൊപ്പം കമ്മിറ്റിയോടു പേര് പറയാന്‍ സര്‍ക്കാരിന് ആവശ്യപ്പെടാനാവില്ലെന്നും കോടതി അംഗീകരിച്ചു കൊണ്ടാണ് എന്ത് നടപടി സാധ്യമാകുമെന്ന് ചോദിച്ചത്. സര്‍ക്കാരിന്റെ ധര്‍മസങ്കടം മനസ്സിലാകുമെന്നും എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നു കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് മനസിലാകുമെന്ന് അഭിപ്രായപ്പെട്ട കോടതി, എന്നാല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെട്ടാല്‍ നടപടിയെടുക്കാന്‍ വകുപ്പില്ലേയെന്നു കോടതി ചോദിച്ചു. പോക്സോയാണെങ്കില്‍ നടപടിയെടുക്കാനാവുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി

ലൈംഗികാതിക്രമം ഉള്‍പ്പെടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തുകയും സര്‍ക്കാരിനോട് എന്ത് നടപടി സാധ്യമാകുമെന്ന് ചോദിക്കുകയും ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group