Join News @ Iritty Whats App Group

ഒഡിഷയിൽ മനുഷ്യനിലേക്ക് പക്ഷിപ്പനി പകർന്നുവെന്ന് സംശയം, ഒരാൾ ചികിത്സയിൽ; ആരോഗ്യ വകുപ്പിന്റെ അതീവ ജാഗ്രത

ഭുവനേശ്വർ: ഒഡിഷയിൽ മനുഷ്യനിൽ പക്ഷിപ്പനി ബാധിച്ചതായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അതീവ ജാഗ്രതയിൽ. ഒഡിഷയിലെ പുരി ജില്ലയിലാണ് സംശയകരമായ രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ളത്. സ്ഥിതി നേരിടാൻ ആരോഗ്യ വകുപ്പ് പൂർണസജ്ജമാണെന്ന് ഒഡിഷയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മുകേഷ് മഹാലിംഗ് പറഞ്ഞു.

മംഗൽപൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ ഒരാളിലാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ നീലകാന്ത മിശ്ര പറഞ്ഞു. ഇയാളുടെ ശരീര സ്രവം ശേഖരിച്ച് ഭുവനേശ്വറിലെ റീജ്യണൽ മെഡിക്കൽ റിസർച്ച് സെന്ററിലേക്കും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചു. ഇവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കാൻ ഏഴ് ദിവസത്തോളം വേണ്ടിവരുമെന്നും അതിന് ശേഷം മാത്രമേ രോഗബാധയുടെ കാര്യത്തിൽ സ്ഥിരീകരണം നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. 

പുരി ജില്ലയിലെ പിപിലി, സത്യബാതി ബ്ലോക്കുകളിൽ അതീവ ജാഗ്രതയും നിരീക്ഷണവും പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രണ്ട് ഘട്ട സുരക്ഷാ നിരീക്ഷണം ഇവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം സംശയിക്കുന്ന പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ കടുത്ത നിരീക്ഷണവും 10 കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകൾ തോറും കയറിയിറങ്ങി ആശ വർക്കർമാർ ബോധവത്കരണം നടത്തുകയാണെന്നും മന്ത്രി പറ‌ഞ്ഞു.

എൻ95 മാസ്കുകളും ടാമിഫ്ലൂ ഗുളികകളും ഇവിടങ്ങളിൽ വിതരണം ചെയ്തു. പക്ഷിപ്പനിയെ കുറിച്ച് ബോധവത്കരിക്കാനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടും കൊണ്ടുള്ള ലഘുലേഖകളും പ്രദേശത്ത് വിതരണം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group