കൊച്ചി: ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎൽഎ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.
അതേസമയം, എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിഷയം ഇന്ന് സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സംഘടനാക്കാര്യങ്ങൾ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയിൽ മുകേഷിന്‍റെ രാജി ഇല്ലെങ്കിലും പൊതുരാഷ്ട്രീയ സ്ഥിതി വിലയിരുത്തലിന്റെ ഭാഗമായി പ്രശ്നം ചർച്ചയാകും എന്നാണ് സൂചന. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കുന്നതിനൊപ്പം മുകേഷിന്റെ വിശദീകരണവും കൂടി പരിഗണിച്ചാകും അന്തിമ നിലപാട് സ്വീകരിക്കുക.
കോടതിയിലെത്തിയാൽ കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണം. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
Post a Comment