Join News @ Iritty Whats App Group

ദുരന്തബാധിതർക്ക് ആശ്വാസം; കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്, 'മറ്റു ബാങ്കുകൾ മാതൃകയാക്കണം'

കൽപ്പറ്റ: വയനാട്ടിലെ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണൻ. ചൂരൽമല ബ്രാഞ്ചിൽ നിന്ന് ആകെ നൽകിയ വായ്പ 55 ലക്ഷമാണ്. അതിൽ ഒരു ഭാഗമാണ് ഇപ്പോൾ എഴുതിത്തള്ളിയത്. തുടർ പരിശോധന നടത്തി ആവശ്യമെങ്കിൽ കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും എംകെ കണ്ണൻ പറഞ്ഞു. കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം എന്നും എംകെ കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിൽ പെട്ടവരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാകണമെന്നും എംകെ കണ്ണൻ കൂട്ടിച്ചേർത്തു. ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ കേരളാ ബാങ്ക് എഴുതിത്തള്ളിയിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചത്. 

നിലവിൽ പ്രാഥമിക പട്ടികയിൽ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണമായും നഷ്ടപ്പെട്ടവരും ഉൾപ്പെടും. മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ മറ്റ് ശാഖകളിൽ ബാധ്യതകൾ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമാകേണ്ടതുണ്ട്. അതിനിടെ, കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group