Join News @ Iritty Whats App Group

ഖാന്‍ യൂനിസില്‍നിന്ന് ജനങ്ങള്‍ അടിയന്തരമായി ഒഴിയണം; കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ബോംബുകള്‍ വര്‍ഷിച്ച് ഇസ്രയേല്‍; ഗാസയില്‍ സ്ഥിതി രൂക്ഷം

ഗാസയിലെ ഖാന്‍ യൂനിസില്‍നിന്ന് ജനങ്ങളോട് അടിയന്തരമായി ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം. ഖാന്‍ യൂനിസിലെ രണ്ട് കെട്ടിടങ്ങള്‍ ഇന്നലെ ബോംബിട്ട് തകര്‍ത്തു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റഫയിലെ വീടിന് നേരെയും ഷെല്ലാക്രമണമുണ്ടായി. ഗസ സിറ്റിയിലെ സൈത്തൂന്‍, തലാല്‍ ഹവ ഭാഗത്തും ശത്തി അഭയാര്‍ഥി ക്യാമ്പിന് പുറത്തും സെന്‍ട്രല്‍ ഗസയിലെ ബുറൈജ്, നുസൈറാത് ക്യാമ്പുകള്‍ക്ക് സമീപവും ആക്രമണമുണ്ടായി.

ഗസയില്‍ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിച്ച സ്‌കൂളില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ ബോംബിട്ട് നൂറിലേറെ പേരെ കൊലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഗാസയിലെ ഖാന്‍ യൂനിസില്‍ ജനങ്ങളോട് അടിയന്തരമായി ഒഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടം ഒഴിഞ്ഞ് എങ്ങോട്ട് പോകുമെന്ന് അറിയാതെ വലയുകമാണ് പലസ്തീനികള്‍. ഗസയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണം തുടരുകയാണ്.

അതേസമയംം ഹമാസ് മേധാവിയെ വധിച്ചതിന് പകരം ചോദിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തില്‍ തിരച്ചടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഇസ്രയേലിന് ലഭിച്ചിരുന്നു.

40 രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് പൗരന്മാര്‍ക്ക് ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. വിദേശത്തുള്ള പൗരന്മാര്‍ തങ്ങളുടെ ഇസ്രായേല്‍, ജൂത വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.

ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ നേതാവ് ഫുആദ് ഷുക്കറിന്റെയും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും ഹിസ്ബുല്ലയും ഹമാസും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. പ്രാദേശിക അധികാരികള്‍ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാത്ത വലിയ പരിപാടികള്‍ ഒഴിവാക്കുക. പ്രകടനങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഹിബ്രു ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group