Join News @ Iritty Whats App Group

'അമ്മ അഞ്ചു ദിവസം നിശബ്ദത പാലിച്ചു, അവരിൽ നിന്നും ആത്മാർത്ഥത പ്രതീക്ഷിക്കുന്നില്ല': ദീദി ദാമോദരൻ

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി തിരക്കഥാകൃത്തും ഡബ്ല്യുസിസി അം​ഗവുമായ ദീദി ദാമോദരൻ. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സർക്കാർ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് ദീദി ദാമോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സർക്കാരിനെ ആശ്രയിക്കലാണ് ഒപ്ഷനായുള്ളത്. ഒരു വ്യക്തിയെയല്ല, ഇച്ഛാശക്തിയുള്ള വ്യക്തിയാണ് സർക്കാരിൻ്റെ തലപ്പത്ത് ഇരിക്കുന്നതെങ്കിൽ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരൻ പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടും വെട്ട് നടന്നെങ്കിൽ നിർഭാഗ്യകരമാണ്. സത്യമാണ് എങ്കിൽ വളരെ നിർഭാഗ്യകരമാണ്. അമ്മയുടെ പ്രതികരണത്തിൽ ആകാംക്ഷ ഇല്ല. ഇത്ര നേരവും പ്രതികരിച്ചില്ല. ഒന്ന് അന്വേഷിക്കാൻ പോലും തയാറായില്ല. കലാകാരൻമാർ ഇതു വരെ മിണ്ടാതിരുന്നുവെന്നും ദീദി ദാമോദരൻ പറഞ്ഞു. മൊഴി കൊടുത്ത സ്ത്രീകൾ ജീവൻ പണയം വെച്ചാണ് നൽകിയത്. വലിയ വലിയ ആളുകൾ ഉദ്ഘാടനങ്ങൾക്കുൾപ്പെടെ വരാറുണ്ട്. എല്ലാ വിഷയത്തിലും ഇവർ സംസാരിക്കാറുണ്ട്. ഇത്തരം വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കേണ്ടതില്ല എന്നാണോ നിങ്ങൾ കരുതുന്നത്. മാധ്യമങ്ങൾ അവരോട് ഈ വിഷയത്തിൽ പ്രതികരണം ചോദിക്കണമെന്നും ദീദി ദാമോദരൻ പറഞ്ഞു. തുടർനടപടികൾക്കായുള്ള നീക്കങ്ങൾ ഡബ്ല്യുസിസിയുടെ മാത്രം ഉത്തരവാദിത്തമല്ല, എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും ദീദി ദാമോദരൻ പറഞ്ഞു. 

അതേസമയം, ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടും മുമ്പ് സർക്കാർ നടത്തിയ സെൻസറിങിൽ പ്രതിഷേധം വ്യാപകമാവുകയാണ്. 21 പാരഗ്രാഫുകൾ ഒഴിവാക്കാൻ കമ്മീഷൻ നിർദേശിച്ചപ്പോൾ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ വെട്ടിയത്. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയത് റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണെന്നാണ് സൂചന. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം.

സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഖണ്ഡികള്‍ നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സർക്കാർ നടപടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ കമ്മീഷന് പരാതി നൽകി. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിനിമ മേഖലയിലുള്ളവരും പ്രതിപക്ഷവും രംഗത്തെത്തി. സർക്കാരിന് ഭയമുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്‍റെ സെൻസറിങ് വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒളിച്ചുകളി ആരെയോ രക്ഷിക്കാനെന്ന് തിരുവ‌ഞ്ചൂർ രാധാകൃഷ്ണൻ തുറന്നടിച്ചു. കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ വെട്ടി മാറ്റിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും നടി മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എത്ര ഒളിച്ചാലും സത്യം പുറത്തുവരുമെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവും പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾ ഇനി കോടതി തീരുമാനിക്കട്ടെയെന്നും കൂടുതല്‍ വിശദീകരണത്തിനില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം. സെന്‍സറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കട്ടെയെന്നും കോടതി പറയുന്നതുപോലെ തീരുമാനം എടുക്കാമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയും കേസെടുക്കാൻ കഴിയുക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെന്ന് മന്ത്രി എകെ ബാലനും പ്രതികരിച്ചു.

അതേസമയം, സിനിമാ മേഖലയിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം ഉണ്ടാകണം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും സംസ്കാരിക മന്ത്രിക്കും കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group