ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനഃരാരംഭിക്കുന്നു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ തിരച്ചില്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് കർണാടക സർക്കാർ അറിയിച്ചതായി എ കെ എം അഷ്റഫ് എം എല്‍ എ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
തിരച്ചില്‍ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടക ചീഫ് സെക്രട്ടറിയുമായി ബംഗളൂരുവിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വളരെ അനുകൂലമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരുമായി ഈ വിഷയം ചർച്ച ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന് സാധിച്ചാലും ഇല്ലെങ്കിലും രണ്ട് ദിവസത്തിനകം തന്നെ ഷിരൂരിലെ തിരച്ചില്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.
നിലവില്‍ 4.5 നോട്സാണ് പുഴയിലെ അടിയൊഴുക്ക്. ഇത് മൂന്ന് നോട്സിലേക്ക് എത്തിയാല്‍ നേവി ഉള്‍പ്പെടെ പരിശോധനയ്ക്കായി എത്തും. ഈശ്വർ മാല്‍പെക്കും അതേസമയം തന്നെ പരിശോധനയ്ക്ക് അനുമതി ലഭിക്കും. അടിയൊഴുക്ക് മൂന്ന് നോട്സിലേക്ക് എത്തിയാല്‍ നേവി വീണ്ടും പരിശോധനയ്ക്ക് എത്തുമെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post a Comment