Join News @ Iritty Whats App Group

കൈയിലൊരു പലഹാരപ്പൊതിയുമായി അമ്മായെന്നു വിളിച്ച് കയറിവരില്ല ; വീടെന്ന സ്വപ്നത്തില്‍ ഇനി ജോയിയുടെ അമ്മ തനിയേ ; മെല്‍ഹി കാത്തിരുന്നത് ഉണ്ണാതെയും ഉറങ്ങാതെയും


തിരുവനന്തപുരം: ജോലിചെയ്‌തെത്ര തളര്‍ന്നാലും ചുണ്ടിലൊരു ചിരിയും കൈയിലൊരു പലഹാരപ്പൊതിയുമായി അമ്മായെന്നു വിളിച്ച് ജോയി ഇനി വരില്ല. പതിവുപോലെ ജോലിക്കുപോയ മകനെ കാണാതായെന്ന വാര്‍ത്ത ആ അമ്മ വിശ്വസിച്ചിരുന്നില്ല. ഇന്നലെ ചേതനയറ്റ് അവന്‍ വീട്ടില്‍ മടങ്ങിയെത്തുംവരെ.

ഏകാശ്രയമായ മകന്‍ മടങ്ങിവരുമെന്ന ഉറച്ച പ്രതീക്ഷയിലാണു കഴിഞ്ഞ മൂന്നുദിവസവും മാരായമുട്ടത്തെ ഇടിഞ്ഞുപൊളിയാറായ വീട്ടില്‍ അമ്മ മെല്‍ഹി കാത്തിരുന്നത്. സമീപത്തെ പള്ളിയില്‍ പ്രാര്‍ഥനയിലായിരുന്ന മെല്‍ഹിയെ ഇന്നലെ രാവിലെ 9.45-നാണ് മകന്റെ മരണവിവരം ബന്ധുക്കള്‍ അറിയിച്ചത്. ഏതൊഴുക്കിനെയും നീന്തിത്തോല്‍പ്പിക്കുന്ന ജോയി ഈ അപകടസന്ധിയും മറികടന്നെത്തുന്നതു കാത്ത് ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമാണു മെല്‍ഹി കാത്തിരുന്നത്. എന്നാല്‍, വിധി കരുതിവച്ചതു മറ്റൊന്നായിരുന്നു.

കഴിഞ്ഞ 13-നാണ് പതിവുപോലെ അമ്മയോടു യാത്രപറഞ്ഞ് ജോയി ജോലിക്കായി വീട്ടില്‍നിന്നിറങ്ങിയത്. ദിവസക്കൂലിക്കാരനായ ജോയി ഏതു ജോലിക്ക് ആര് വിളിച്ചാലും പോകുമായിരുന്നു. ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വില്‍ക്കും.

കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടായിരുന്നു അമ്മയുടെയും മകന്റെയും സ്വപ്നം. അതിനായിരുന്നു ജോയി എല്ലുമുറിയെ പണിയെടുത്തിരുന്നത്. ''അമ്മാ നല്ലൊരു പണി വന്നിട്ടുണ്ട്'' എന്നു പറഞ്ഞ് സന്തോഷത്തോടെയാണു തിരുവനന്തപുരത്തേക്കു വണ്ടി കയറിയത്.

മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിഞ്ഞു. കനാലിന്റെ ഭാഗമായ റെയില്‍വേ ടണല്‍ കടന്ന് കിലോമീറ്ററോളം ഒഴുകി മാലിന്യക്കൂമ്പാരത്തില്‍ തങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ജോയിയെ കണ്ടെത്താന്‍ അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീമും ദേശീയ ദുരന്തപ്രതികരണസേനയും (എന്‍.ഡി.ആര്‍.എഫ്) രണ്ടുദിവസമായി പരിശ്രമിച്ചുവരുകയായിരുന്നു. കൊച്ചിയില്‍നിന്നുള്ള നാവികസേനാസംഘവും ഇന്നലെ തെരച്ചിലിനെത്തി.

ഇവര്‍ തെരച്ചിലാരംഭിക്കാനിരിക്കേയാണു തകരപ്പറമ്പ് ഭാഗത്തെ കനാലില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം ശുചീകരണത്തൊഴിലാളികള്‍ പോലീസിനെ അറിയിച്ചത്. ഉടന്‍ ജോയിയുടെ ബന്ധുക്കള്‍ക്കൊപ്പം പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പിലെത്തിച്ച് സംസ്‌കരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group