Join News @ Iritty Whats App Group

‘പരാതി പറയാനെത്തിയപ്പോൾ പൊലീസുകാർ റീല്‍സ് കാണുകയായിരുന്നു, അവർക്ക് അറിയാവുന്നത് കൈക്കൂലി വാങ്ങാൻ മാത്രം’; അർജുന്‍റെ ഭാര്യ സഹോദരൻ


അർജുന്റെ രക്ഷാപ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്കിനെതിരെ ആരോപണങ്ങളുമായി കുടുംബം. സഹോദരനെ കാണുന്നില്ലെന്ന് പരാതി പറയാനെത്തിയപ്പോൾ കര്‍ണാടക പൊലീസുകാര്‍ റീല്‍സ് കാണുകയായിരുന്നുവെന്ന് അർജുന്‍റെ ഭാര്യ സഹോദരൻ ജിതിൻ പറയുന്നു. കര്‍ണാടക പൊലീസിന് കൈക്കൂലി വാങ്ങാനെ അറിയുവെന്നും ആളെ രക്ഷിക്കാൻ അറിയില്ലെന്നും ജിതിൻ ആരോപിച്ചു. സിഗ്നല്‍ കിട്ടിയ സ്ഥലത്ത് അര്‍ജുൻ ഉണ്ടെന്ന് 70ശതമാനം ഉറപ്പാണെന്നും ജിതിൻ പറഞ്ഞു.

ഇപ്പോഴാണ് ദൗത്യം വേഗത്തിലായത്. അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിൽ തൃപ്തിയില്ല. ഇന്നലെയാണ് രക്ഷാപ്രവർത്തനത്തിൽ ഒരു പ്രതീക്ഷ വന്നത്. അർജുന്‍റെ ജീവൻ മാത്രമല്ല മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന മറ്റുള്ളവരുടെ ജീവനും എത്രയും വേഗം രക്ഷപ്പെടുത്തണമെന്നും അർജുന്‍റെ സഹോദരൻ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന് അർജുന്റെ കുടുംബം ആവ‍ര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അതേസമയം ഇന്ന് രാവിലെ 6.30 മുതല്‍ തിരച്ചില്‍ പുനഃരാരംഭിച്ചിട്ടുണ്ട്.

അർജുനെ കണ്ടെത്താൻ ഇന്ന് രാവിലെ 11 മണിയോടെ സൈന്യമിറങ്ങും. തിരച്ചിലിനെ സഹായിക്കാനായി ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. ഐഎസ്ആർഒ ഉപഗ്രഹ ചിത്രങ്ങൾ നൽകും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക.

Post a Comment

Previous Post Next Post
Join Our Whats App Group