Join News @ Iritty Whats App Group

'കൃഷ്ണയുടെ മരണത്തിന് കാരണം അനാഫൈലാക്സിസ് ആവാം, ചികിത്സാ പിഴവുണ്ടായിട്ടില്ല': ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ

തിരുവനന്തപുരം: കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ വിശദീകരണം. ഉദര സംബന്ധമായ അസുഖങ്ങൾക്ക് സാധാരണഗതിയിൽ നൽകുന്ന പാന്റോപ്രസോള്‍ എന്ന മരുന്ന് മാത്രമാണ് രോഗിക്ക് നൽകിയിട്ടുള്ളത്. ഏതൊരു മരുന്നിനും സംഭവിക്കാവുന്ന ദ്രുതഗതിയിൽ ഉണ്ടാകുന്ന മാരകമായ അലർജി പ്രക്രിയ അഥവാ അനാഫൈലാക്സിസ് ആകാം രോഗിക്ക് സംഭവിച്ചിട്ടുള്ളതെന്നാണ് കെജിഎംഒയുടെ വിശദീകരണം. 

വാക്സിനുകൾ, മരുന്നുകൾ എന്ന് മാത്രമല്ല ചില ഭക്ഷണങ്ങളോടു പോലും അലർജി കാരണമുള്ള അടിയന്തര പ്രതികരണമായി ഇങ്ങനെ സംഭവിക്കാം. ഇതിനെ ചികിത്സാ പിഴവായി വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്നാണ് കെജിഎംഒയുടെ വിശദീകരണം. 

കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് മലയിൻകീഴ് സ്വദേശിനിയായ കൃഷ്ണ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയത്. ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. 

ഈ മാസം 15നാണ് കൃഷ്ണ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിക്ക് അലർജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. ഇൻജക്ഷൻ എടുക്കും മുൻപ് അതിനുള്ള പരിശോധന നടത്തിയിരുന്നോ എന്ന് വ്യക്തമല്ല. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സർജൻ വിനുവിനെതിരെ കേസെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group