Join News @ Iritty Whats App Group

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ മടക്കയാത്ര ഇന്ന് മുതൽ


റിയാദ്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് പോയവരുടെ മടക്കയാത്ര ഇന്ന് (ജൂലൈ ഒന്ന്) മുതൽ ആരംഭിക്കും. കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിന്‍റുകളില്‍ നിന്നാണ് ഹാജിമാർ യാത്ര തിരിച്ചത്. ഇതിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്ര തിരിച്ച ഹാജിമാരാണ് ജൂലൈ ഒന്നു മുതൽ മടങ്ങിയെത്തുന്നത്. മദീനയിൽ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര.

കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ IX-3012 തിങ്കളാഴ്ച വൈകിട്ട് 3.25ന് കരിപ്പൂരിലെത്തും. 166 ഹാജിമാരാണ് ആദ്യ വിമാനത്തിൽ എത്തുന്നത്. രണ്ടാമത്തെ സർവീസ് ഇന്ന് രാത്രി 8.25ന് എത്തും. കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങൾ ജൂലൈ 10ന് ആരംഭിക്കും. സൗദി എയർലൈൻസാണ് കൊച്ചിയിലും കണ്ണൂരിലും സർവ്വീസ് നടത്തുന്നത്.

കൊച്ചിൻ എമ്പാർക്കേഷൻ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലായ് 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സർവ്വീസ് 10ന് ഉച്ചക്ക് 12 നുമാണെത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സർവ്വീസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂർ 9 സർവ്വീസുകളുണ്ടാകും. ജൂലായ് 22നാണ് അവസാന സർവ്വീസ്. കോഴിക്കോട് എയർപോർട്ടിൽ ഹാജിമാരെ സ്വീകരിക്കുന്നതിന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ, മെമ്പർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രൈനർമാർ തുടങ്ങിയവർ ഹാജരാകും. കൂടാതെ സംസ്ഥന സർക്കാർ 17 അംഗ സർക്കാർ ജീവനക്കാരുടെ ഹജ്ജ് സെൽ പ്രത്യേകം രൂപീകരിച്ചിട്ടുണ്ട്. ഇവർ ഹാജിമാരുടെ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങൾക്ക് നേതൃത്വം നൽകും.

Post a Comment

Previous Post Next Post
Join Our Whats App Group