ഇരിട്ടി: ഒരു മാസത്തിലേറെയായി ഏതുനേരവും റോഡിലേക്ക് മറിഞ്ഞുവീണ് അത്യാഹിതമുണ്ടാകാൻ പാകത്തിൽ നിൽക്കുന്ന ഈ മരങ്ങൾ അധികൃതർ കണ്ടിട്ടും കണ്ണടക്കുകയാണ്. ഇരിട്ടി പാലത്തിന് ഏതാനും വാര അകലത്തിൽ മത്സ്യം, ഇറച്ചി വില്പനകേന്ദ്രങ്ങളും ഒരു സൂപ്പർ മാർക്കറ്റും, ആശുപത്രിയും , കൃസ്ത്യൻ പള്ളിയുമടക്കം സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേർന്ന് ഇരിട്ടി - തളിപ്പറമ്പ് പാതയോരത്താണ് ഈ മരങ്ങൾ അപകടകരമായ നിലയിൽ നിൽക്കുന്നത്. പായം പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ റോഡിലൂടെയാണ് പ്രസിഡന്റ് നിത്യവും ഓഫീസിലേക്ക് കടന്നുപോകുന്നത്. ഇവിടെ നിന്നും വെറും മുന്നൂറ് മീറ്റർ മാത്രം അകലത്തിലാണ് പൊതുമരാമത്തു വകുപ്പ് ഓഫീസും സ്ഥിതി ചെയ്യുന്നത്.
റോഡരികിലെ ഒരു ഉണങ്ങിയ കൂറ്റൻ മരം മറ്റൊരു മരത്തിലേക്ക് വീണുകിടക്കുന്ന അവസ്ഥ കാണാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെ ആയിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയും ഒരു ദുരന്തം വരാനായി കാത്തിരിക്കുകയുമാണ് അധികൃതർ. രാപ്പകലില്ലാതെ ഇടമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന പാതയിലേക്ക് ഇതിന്റെ ഒരു ചെറിയ ചില്ലപോലും വീണാൽ അത് വലിയ ദുരന്തമായി മാറിയേക്കും. പോരാതെ ഈ പാതയിലെ ഏറ്റവും വീതികുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ ഒരു കലുങ്കും സ്ഥിതിചെയ്യുന്നത് ഇതിനു സമീപമാണ് എന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയേക്കാം. കാലവർഷം തുടങ്ങുമ്പോൾ അപകവുകാരമായ നിലയിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണമെന്ന് ഉത്തരവിറക്കിയ അധികൃതർ തങ്ങളുടെ അധികാര പരിധിയിൽ നിൽക്കുന്ന ഇത്തരം മരങ്ങൾ കാണാത്തതെന്താണ് എന്നാണ് ജനങ്ങൾ ചോദിക്കുന്നത് .
إرسال تعليق