Join News @ Iritty Whats App Group

ആദ്യ ലക്ഷ്യം അര്‍ജുനെ കണ്ടെത്തുക, പിന്നാലെ ട്രക്ക് പുറത്തെടുക്കാന്‍ ശ്രമിക്കും: ആക്ഷന്‍ പ്ലാനുമായി കര, നാവികസേന


ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് രാത്രി 10 മണിവരെ തുടരും. ട്രക്ക് പുറത്തെടുക്കുന്നതിനെക്കാള്‍ മുന്നേ അര്‍ജുനെ പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും സൈന്യം അറിയിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കരസേനയും നാവിക സേനയും ആക്ഷന്‍ പ്ലാന്‍ മുന്നോട്ട് വച്ചു. ഡൈവര്‍മാരെ ഇറക്കി ക്യാബിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോ എന്ന പരിശോധനായായിരിക്കും ആദ്യം നടക്കുക. ഇതിന് പിന്നാലെയാകും ട്രക്ക് പുറത്തെടുക്കാന്‍ ശ്രമിക്കുക.

നിലവില്‍ മുങ്ങള്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധാന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയര്‍ത്തലാണെന്ന് സൈന്യം അറിയിച്ചു. അതിനും സ്‌കൂബ ഡൈവേഴ്‌സ് താഴേക്ക് ഇറങ്ങി ട്രക്കിന്‍മേല്‍ കൊളുത്ത് ഇട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിന് ശേഷം ഭാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തണം. അതിനുള്ള അടിസ്ഥാനം എത്രയും പെട്ടന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. നാളത്തെ കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് അന്തിമ പ്ലാന്‍ നടപ്പിലാക്കാനാണ് തീരുമാനം. സ്ഥലത്തേക്ക് ഡ്രോണുകള്‍ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ നാളെ എത്തിക്കും.

കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. കനത്ത മഴക്കൊപ്പം തന്നെ ശക്തമായ കാറ്റും വീശുന്നത് തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഗംഗാവലി പുഴയിലെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group