തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ ജുലൈ മാസത്തിലെ ആദ്യ ദിനങ്ങളില്‍ വമ്പന്‍ ഓഫർ സെയിലാണ് നടന്നത്. ജുലൈ ഒന്ന് മുതല്‍ ഏഴ് വരെയായിരുന്നു ഓഫർ സെയില്‍. സെയിലിന്റെ ഭാഗമായി സ്വാഭാവികമായും ഓരോ ഹൈപ്പർ മാർക്കറ്റില്‍ നിന്നും കോടികളുടെ കച്ചവടവും നടന്നു. എന്നാല്‍ ഇതിനിടയില്‍ നിന്നാണ് ഒരു മോഷണ വാർത്തയും പുറത്ത് വരുന്നത്.
ഓഫർ സെയിലിനിടെ ആറ് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളാണ് തിരുവനന്തപുരത്തെ ലുലു മാളില്‍ നിന്നും മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ എല്ലാ തന്നെ ലുലു മാളില്‍ ഓഫർ സെയില്‍ സമയത്ത് ജോലിക്കെത്തിയ താല്‍ക്കാലിക ജീവനക്കാരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഓഫർ സെയില്‍ നടക്കുന്നതിനാല്‍ തന്നെ രാത്രിയും പകലുമെല്ലാം വലിയ തിരക്കായിരുന്നു ലുലു മാളില്‍ അനുഭവപ്പെട്ടത്. അധികമായി എത്തിയ ആളുകളെ നിയന്ത്രിക്കാനും സാധനങ്ങള്‍ എടുത്തുകൊടുക്കാനുമായിരുന്നു താല്‍ക്കാലിക ജോലിക്ക് ആളെ എടുത്തത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഐ ഫോണ്‍ വെച്ചിരുന്ന ഒരു കിറ്റ് പൊട്ടിച്ച് ഉപേക്ഷിച്ച നിലയില്‍ ജീവനക്കാർ കണ്ടെത്തുകയായിരുന്നു. 14 ഫോണുകള്‍ സൂക്ഷിച്ചിരുന്ന കിറ്റില്‍ നിന്നും 6 ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ സംശയം തോന്നിയ താല്‍ക്കാലിക ജീവനക്കാരെ അടക്കം വിളിച്ച് സ്ഥാപനത്തിലെ ആളുകള്‍ തന്നെ ചോദ്യം ചെയ്തു. എന്നാല്‍ ആരും തന്നെ കുറ്റ് ഏറ്റെടുത്തിരുന്നില്ല.
തുടർന്ന് ലുലു മാള്‍ അധികൃതർ പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി സി സി സി ടിവി അടക്കം വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ള 9 പേരേയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കുന്നത്. ആറ് ഫോണുകള്‍ ആദ്യം കടത്തിയതിന് പിന്നാലെ ബാക്കി ഫോണുകളും കടത്താനായിരുന്നു തീരുമാനമെന്നും പൊലീസ് വ്യക്തമാക്കുന്നു. നഷ്ടമായ ഫോണുകളെല്ലാം തന്നെ കസ്റ്റഡിയിലുള്ളവരുടെ വീടുകളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട്, കോട്ടയം ജില്ലകളിലെ ലുലു മാളുകളുടെ നിർമാണമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇതില്‍ കോഴിക്കോട്ടെ ലുലു മാളാകും ആദ്യം തുറന്ന് പ്രവർത്തിക്കുക. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം കോഴിക്കോട്ടെ ലുലു മാൾ പ്രവർത്തനമാരംഭിച്ചേക്കും.
സംസ്ഥാനത്ത് നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിൻ്റെ ലുലു മാളുകൾ പ്രവർത്തിക്കുന്നത്. ഇതില്‍ ഏറ്റവും വലുത് തിരുവനന്തപുരത്തേതാണ്. കോഴിക്കോടിനും കോട്ടയത്തിനും പുറത്തെ മലപ്പുറത്തും ലുലു മാളിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
Post a Comment