കൽപ്പറ്റ: വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയംവയൽ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മീനയുടെ ഭർത്താവ് ശങ്കരനെയും കാണാതായി. മീനയുടെ മരണത്തിൽ ദുരൂഹത ഉയർന്നതോടെ ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇടിയംവയൽ സ്വദേശി മീനയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം രാവിലെ മകൻ അടുത്തുള്ള കിണറ്റിൽ വെള്ളം കോരാൻ പോയപ്പോഴാണ് മീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മീന മരിച്ചെന്ന വിവരം പരന്നതിനു പിന്നാലെയാണ് ഭർത്താവ് ശങ്കരനെ കാണാതായത്. സ്ഥിരം മദ്യപാനിയായ ശങ്കരനും മീനയും തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ഇക്കാര്യം പ്രദേശവാസികളും ബന്ധുക്കളും പൊലീസിന് മൊഴി നൽകി. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment