Join News @ Iritty Whats App Group

എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മുഹമ്മദ് ഷഹബാസ് വീശിയ ചുവന്ന ടവല്‍



ഇന്ത്യന്‍ റെയില്‍വേയെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടിത്തിയിരിക്കുകയാണ് ഒരു പന്ത്രണ്ടുകാരന്‍. ബീഹാറിലെ സമസ്തിപൂരില്‍ സംഭവിക്കേണ്ടിയിരുന്ന ഒരു വലിയ അപകടം മുഹമ്മദ് ഷഹബാസ് എന്ന പന്ത്രണ്ടുകാരന്‍റെ ഇടപെടലിലൂടെയാണ് ഇല്ലാതായത്. മുസാഫർപൂർ റെയിൽവേ ലൈനിൽ ഭോല ടാക്കീസ് ​​ഗുംതിക്ക് സമീപമാണ് സംഭവം. ഷഹബാസും സുഹൃത്തുക്കളും റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി കടന്ന് പോകുമ്പോള്‍ പാളം തകര്‍ന്നു കിടക്കുന്നത് കണ്ടു. ഈ സമയം എതിര്‍വശത്ത് നിന്നും ഒരു ട്രെയിന്‍ പാഞ്ഞ് വരികയായിരുന്നു. മുഹമ്മദ് ഷഹബാസ് തന്‍റെ കൈയിലുണ്ടായിരുന്ന ചുവന്ന ടവല്‍ വീശി ലോക്കോമോട്ടീവ് പൈലറ്റിന്‍റെ ശ്രദ്ധ പിടിച്ചെടുത്തു. അപകട സൂചന ലഭിച്ച ലോക്കോമോട്ടീവ് ഹൗറ-കോത്‌ഗോദം എക്‌സ്‌പ്രസ് നിർത്തിയപ്പോള്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകള്‍. 

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പാളത്തില്‍ വലിയൊരു വിള്ളല്‍ വീണതായി കാണാം. സമസ്തിപൂര്‍ ടൌണ്‍ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'സമസ്തിപൂരിൽ, ഒരു കുട്ടി ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു, തകർന്ന ട്രാക്ക് കണ്ടപ്പോൾ, ചുവന്ന ടൌവല്‍ കാണിച്ച് ട്രെയിൻ നിർത്തി, ഒരു വലിയ അപകടം ഒഴിവായി ...' എന്ന് കുറിച്ചു. 'ഞങ്ങൾ വീട്ടിലേക്ക് പോകുമ്പോൾ തകർന്ന റെയിൽവേ ട്രാക്കുകൾ കണ്ടു. ഈ സമയം ഒരു ട്രെയിൻ വരുന്നത് ഞങ്ങൾ കണ്ടു. ലോക്കോ പൈലറ്റ് ഞങ്ങളെ നോക്കിയപ്പോള്‍ എന്‍റെ ചുവന്ന ടവല്‍ വീശി. ഇത് കണ്ട് ട്രെയിന്‍ നിർത്തി.' മുഹമ്മദ് ഷഹബാസ് വീഡിയോയില്‍ പറയുന്നു. വീഡിയോയില്‍ ചിലര്‍ റെയില്‍വേ പാളം പരിശോധിക്കുന്നതും കാണാം. 


അതേസമയം ഹൗറ-കോത്‌ഗോദം എക്‌സ്‌പ്രസിന് തൊട്ട് മുമ്പ് ഇതുവഴി അമ്രപാലി എക്‌സ്‌പ്രസ്, മിഥില എക്‌സ്‌പ്രസ്, ബാഗ് എക്‌സ്‌പ്രസ്, അഹമ്മദാബാദ് സബർമതി എക്‌സ്പ്രസ്, സമസ്തിപൂർ-മുസാഫർപൂർ മെമു സ്പെഷ്യൽ, ന്യൂഡൽഹി ക്ലോൺ സ്പെഷ്യൽ തുടങ്ങി ചില ട്രെയിനുകൾ കടന്നു പോയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഹമ്മദ് ഷഹബാസിന്‍റെ പ്രവര്‍ത്തി ഏറെ പ്രശംസിക്കപ്പെട്ടു. പന്ത്രണ്ടുകാരന് ചോക്ലേറ്റുകളും, നോട്ട്ബുക്കും, പേനയും സമ്മാനിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ മുഹമ്മദ് ഷഹബാസിന് 'ദേശീയ തലത്തിൽ കുട്ടികളുടെ ധീരതയ്ക്കുള്ള അവാർഡ് നൽകണ'മെന്ന ആവശ്യം ഉയര്‍ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group