Join News @ Iritty Whats App Group

തീപിടുത്തം ഒരു മുറിയില്‍ മാത്രം ; തീ പടരാന്‍ കാരണം എ.സി.യില്‍ നിന്നുള്ള വാതകച്ചോര്‍ച്ചയെന്ന് സംശയം


അങ്കമാലി: ഒരു കുടുംബത്തിലെ നാലു പേര്‍ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. തീപിടുത്തത്തില്‍ ബിനീഷും കുടുംബവും കിടന്നുറങ്ങിയ മുറിയില്‍ മാത്രമാണ് തീ പടര്‍ന്നിട്ടുള്ളത്. ഷോര്‍ട് സര്‍ക്യൂട്ട് സാധ്യതയും എ്‌യര്‍ കണ്ടീഷനില്‍ നിന്നുള്ള വാതകചോര്‍ച്ചയാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.

അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല. അങ്കമാലിയില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുകയാണ് ബിനീഷ്. കുടുംബത്തിന് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായും ആര്‍ക്കും അറിവില്ല. ഭാര്യ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ട്യൂട്ടറാണ്.

വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയും വിരളമാണ്. മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്‍വാസിയെ കൂടി കാര്യം അറിയിച്ച് ഇരുവരും വീട്ടിനകത്തേക്ക് കടന്നു. മുറിയുടെ ഡോര്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിക്കുള്ളിലുള്ളവരും വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയില്ല. ആളുകള്‍ അബോധാവസ്ഥയില്‍ ആയിരുന്നിരിക്കാമെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആള്‍ക്കാര്‍ പറയുന്നു.

മരിച്ച നാല് പേരെ കൂടാതെ വീട്ടില്‍ അമ്മയും ബിനീഷിന്റെ ജാതി കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ താഴത്തെ മുറിയിലാണ് കിടക്കുന്നത്. നാല് മണിക്ക് പ്രാര്‍ത്ഥനയ്ക്ക് എഴുന്നേറ്റപ്പോഴാണ് മുകള്‍ നിലയിലെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. ഉടന്‍ അതിഥി തൊഴിലാളിയെ കൂടി വിളിച്ച് മുറിയിലേക്ക് വെള്ളം ഒഴിഞ്ഞിട്ടുണ്ടെങ്കിലും തീകെടുത്താന്‍ സാധിച്ചില്ല.

Post a Comment

Previous Post Next Post
Join Our Whats App Group