മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി എസ്എഫ്‌ഐ. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. സീറ്റ് പ്രതിസന്ധിയിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ എസ്എഫ്ഐയും സമര രംഗത്തേക്കെത്തുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിലേക്കിറങ്ങാനുള്ള തീരുമാനം.
എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുക. മറ്റ് സംഘടനകൾക്കൊപ്പം എസ്എഫ്‌ഐയും സമരരംഗത്തേക്ക് ഇറങ്ങുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക. അതേസമയം സീറ്റ് പ്രതിസന്ധി ഇല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് മന്ത്രി ആവർത്തിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് സമരമുന്നറിയിപ്പുമായി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് രംഗത്തെത്തുന്നത്. മലപ്പുറം ജില്ലയിലടക്കം പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും വിഷയത്തിൽ മന്ത്രിക്ക് നിവേദനം അയച്ചിട്ടുണ്ടെന്നും ഉടൻ പരിഹാരമായില്ലെങ്കിൽ സമര രംഗത്തേക്കിറങ്ങുമെന്നും വി.പി സാനു പറഞ്ഞിരുന്നു. പുതിയ ബാച്ചുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.
Post a Comment