Join News @ Iritty Whats App Group

ഷാഫി പറമ്ബിലിന്‍റെ പാനൂരിലെ റോഡ് ഷോയില്‍നിന്നും വനിതാ ലീഗ് പ്രവർത്തകർ പൂർണമായും വിട്ടുനിന്നു



ലശേരി: വടകര പാർലമെന്‍റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്ബിലിന്‍റെ പാനൂരിലെ റോഡ് ഷോയില്‍നിന്നും വനിതാ ലീഗ് പ്രവർത്തകർ പൂർണമായും വിട്ടുനിന്നു.

കൂത്തുപറമ്ബ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്നലെ വൈകുന്നേരം സംഘടിപ്പിച്ച റോഡ് ഷോയിലും പ്രകടനത്തില്‍നിന്നുമാണ് വനിതാലീഗ് പ്രവർത്തകർ വിട്ടുനിന്നത്. വനിതാ പ്രവർത്തകർ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്ന് കൂത്തുപറന്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് നിർദേശം നല്‍കിയിരുന്നു. 

പാർട്ടി ഗ്രൂപ്പുകളില്‍ ഷാഹുല്‍ ഹമീദ് നല്‍കിയ ശബ്ദസന്ദേശം പുറത്തുവരികയും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. 

മതപരമായ നിയന്ത്രണങ്ങള്‍ ഇത്തരം ആഘോഷത്തിമിർപ്പുകള്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ റോഡ് ഷോയില്‍ വനിതകളുടെ സാന്നിധ്യം മാത്രം മതിയെന്നും ഷാഫിക്ക് അഭിവാദ്യം അർപ്പിക്കാനുള്ള അവസരം വനിതാ ലീഗ് പ്രവർത്തകർക്ക് ഒരുക്കുമെന്നും വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. 

പാർട്ടി നിർദേശം അനുസരിച്ച്‌ വനിതാ ലീഗ് പ്രവർത്തകർ മുൻസിപ്പല്‍ ഓഫീസിനു മുന്നില്‍ ഒത്തു ചേരുകയും ഷാഫി പറമ്ബിലിന് അഭിവാദ്യമർപ്പിക്കുകയും ചെയ്തു. പാർട്ടി നിർദേശം സംബന്ധിച്ച്‌ തങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും അത് പാർട്ടി വേദികളില്‍ പറയുമെന്നും വനിത ലീഗ് നേതാക്കള്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പാനൂരില്‍ റോഡ് ഷോ നടത്തിയപ്പോള്‍ വനിതാ ലീഗ് പ്രവർത്തകർ നൃത്തം ചെയ്തിരുന്നു. ഇത് ലീഗിനുള്ളില്‍ വലിയ ചർച്ചയായി മാറിയിരുന്നു. ഇതേത്തുടർന്നാണ് ലീഗ് നേതാവ് വനിതാ പ്രവർത്തകർക്ക് റോഡ് ഷോയില്‍ വിലക്കേർപ്പെടുത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group