Join News @ Iritty Whats App Group

പരുക്കേറ്റ പലസ്തീന്‍ പൗരനെ മനുഷ്യകവചമാക്കി ഇസ്രയേല്‍ ; ആംബുലന്‍സിന്റെ സഹായം തേടിയപ്പോള്‍ അസ്മിയെ സൈനിക ജീപ്പിന്റെ ബോണറ്റിനു മുന്നില്‍ കെട്ടിവച്ച് വാഹനംഓടിച്ചു

ഗാസ: പരുക്കേറ്റ പലസ്തീന്‍ പൗരനെ വാഹനത്തിനുമുന്നില്‍ ബന്ധിച്ച് ഇസ്രയേല്‍ സേന. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലാണ് പരുക്കേറ്റയാളെ സൈനികവാഹനത്തിനുമുന്നില്‍ മനുഷ്യകവചമാക്കി ഇസ്രയേല്‍ സ്വയംപ്രതിരോധം തീര്‍ത്തത്. സംഭവത്തില്‍ അനേ്വഷണം നടത്തുമെന്ന് സൈനികവൃത്തങ്ങള്‍. ജെനിന്‍ നിവാസിയായ മുജാഹെദ് അസ്മിയെയാണ് മനുഷ്യകവചമാക്കിയത്.

പ്രദേശത്ത് ഇസ്രയേല്‍ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് അസ്മിക്കു പരുക്കേറ്റതെന്ന് കുടുംബം ആരോപിച്ചു. അസ്മിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിന്റെ സഹായം തേടിയപ്പോള്‍ അസ്മിയെ സൈനിക ജീപ്പിന്റെ ബോണറ്റിനു മുന്നില്‍ കെട്ടിവച്ച് വാഹനം ഓടിച്ചുപോകുകയായിരുന്നു. രണ്ട് ആംബുലന്‍സുകള്‍ ചുറ്റുവട്ടത്തുതന്നെയുണ്ടായിരുന്നപ്പോഴായിരുന്നു ഇത്. അസ്മിയെ കൈമാറാന്‍ ഇസ്രയേല്‍സേന വിസമ്മതിച്ചതായി സംഭവത്തിനു സാക്ഷിയായ പലസ്തീന്‍ ആംബുലര്‍സ് ഡ്രൈവര്‍മാരിലൊരാള്‍ പറഞ്ഞു.

പരുക്കേറ്റയാളുടെ ഒരു കൈ വിന്‍ഡ് ഷീല്‍ഡില്‍ കെട്ടിവച്ച നിലയിലായിരുന്നു. ആംബുലന്‍സ് കണ്ടിട്ടും സൈനികവാഹനം നിര്‍ത്താതെ പാഞ്ഞുപോകുകയായിരുന്നെന്നും ഡ്രൈവര്‍ അബ്ദുള്‍ റൗഫ് മുസ്തഫ പറഞ്ഞു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്തതിനു പ്രത്യാക്രമണം നടത്തിയപ്പോഴാണ് പലസ്തീന്‍ പൗരനു പരുക്കേറ്റതെന്ന് ഇസ്രയേല്‍ സേന പത്രക്കുറിപ്പില്‍ അറിയിച്ചു. പിന്നീടുണ്ടായ സംഭവം സൈനിക പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് അംഗീകരിക്കുന്നു.

അതേപ്പറ്റി അനേ്വഷിക്കുമെന്നും ഇസ്രയേല്‍ സേന അറിയിച്ചു. ബന്ധനസ്ഥനാക്കിയ അസ്മിയെ സേന പിന്നീട് മോചിപ്പിച്ചു. പാരാമെഡിക്കല്‍ വിഭാഗം ഇയാളെ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അസ്മിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു റിപ്പോര്‍ട്ട്.

അതേസമയം, ഗാസ മുനമ്പിലെ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥികേന്ദ്രം ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ മരിച്ചു. ഇന്നലെയുണ്ടായ വ്യോമാക്രമണത്തില്‍ ഗാസ സിറ്റിയിലെ കേന്ദ്രത്തിന്റെ പ്രധാനഗേറ്റ് തകര്‍ന്നു. യുദ്ധക്കെടുതിയില്‍ വലയുന്ന പ്രദേശവാസികള്‍ക്കായി ചെറിയതോതിലാണെങ്കിലും സഹായവിതരണം നടത്തുന്ന കേന്ദ്രത്തിനുസമീപമാണ് ആക്രമണമുണ്ടായത്.

Post a Comment

Previous Post Next Post
Join Our Whats App Group